നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM പാലായിൽ ജാഗ്രത കുറവുണ്ടായി; ജോസ് കെ. മാണിയുടെ തോൽവിയിൽ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം

  CPM പാലായിൽ ജാഗ്രത കുറവുണ്ടായി; ജോസ് കെ. മാണിയുടെ തോൽവിയിൽ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം

  പാലായിലും കടുത്തുരുത്തിയിലും തെരഞ്ഞെടുപ്പിൽ മണ്ഡലം കമ്മിറ്റികൾക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ്

  ജോസ് കെ. മാണി

  ജോസ് കെ. മാണി

  • Share this:
  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കേരള കോൺഗ്രസ്-എം പ്രതിനിധിയായി മത്സരിച്ച ജോസ് കെ. മാണി (Jose K. Mani), മാണി സി. കാപ്പനോട്‌ (Mani C. Kappan) തോൽവി ഏറ്റുവാങ്ങിയിരുന്നു. എൽഡിഎഫിൽ എത്തിയ കേരള കോൺഗ്രസ് (എം) മുന്നണിയുടെ പിന്തുണയോടെയായിരുന്നു പാലായിൽ
  തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയത്. എന്നാൽ 15000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ട ജോസ് കെ. മാണി കനത്ത തിരിച്ചടി നേരിട്ടു.

  ഇതിനുപിന്നാലെയാണ് പരാതിയുമായി ജോസ് കെ. മാണി സി.പി.എം. സംസ്ഥാന നേതൃത്വത്തെ കണ്ടത്. പാലായിലെ തോൽവിയിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ് ജോസ് കെ. മാണി സി.പി.എം. സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. ഇതിനു പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാകമ്മറ്റിക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ടി. ജോസഫ്, ടി.ആർ. രഘുനാഥ് എന്നിവർ അംഗങ്ങളായി രണ്ടംഗ കമ്മീഷനെ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുകയായിരുന്നു. ഈ കമ്മീഷൻ നൽകിയ റിപ്പോർട്ട് പ്രകാരമാണ് അച്ചടക്ക നടപടി വേണ്ടെന്ന തീരുമാനത്തിലേക്ക് സി.പി.എം. എത്തിയത്.

  ഞായറാഴ്ച ചേർന്ന സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ചയാണ് നടത്തിയത്. പാലായിലും കടുത്തുരുത്തിയിലും തെരഞ്ഞെടുപ്പിൽ മണ്ഡലം കമ്മിറ്റികൾക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. യുഡിഎഫിൽ നിന്നും വലിയ പ്രചരണമാണ് ജോസ് കെ. മാണിക്കെതിരെ പാലായിൽ ഉണ്ടായത്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ട തരത്തിൽ ജാഗ്രത തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച മണ്ഡലം നേതൃത്വത്തിൽ ഉണ്ടായില്ല എന്ന് കമ്മീഷൻ റിപ്പോർട്ട് പറയുന്നു. എന്നാൽ അച്ചടക്ക നടപടി എടുക്കാൻ തക്കവണ്ണം വീഴ്ച ഇല്ല എന്നാണ് സി.പി.എം. വിലയിരുത്തൽ. അതുകൊണ്ടുതന്നെ ജോസ് കെ. മാണിയുടെ തോൽവിയിൽ സിപിഎമ്മിൽ അച്ചടക്ക നടപടി ഉണ്ടാകില്ല എന്ന് ഉറപ്പായി കഴിഞ്ഞു.  പാലായ്ക്ക് പുറമേ കടുത്തുരുത്തിയിലും സി.പി.എം. അച്ചടക്ക നടപടി സ്വീകരിക്കില്ല. പാലായിൽ ഉണ്ടായതിന് സമാനമായ സാഹചര്യമാണ് കടുത്തുരുത്തിയിലും ഉണ്ടായത്. എന്നാൽ സിപിഎമ്മിന്റെ മാത്രം വീഴ്ച കൊണ്ടല്ല തോൽവി ഉണ്ടായത് എന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതുകൊണ്ടുതന്നെ കടുത്തുരുത്തിയിലും അച്ചടക്കനടപടി വേണ്ട എന്ന തീരുമാനത്തിലേക്ക് സി.പി.എം. കോട്ടയം ജില്ലാ നേതൃത്വം എത്തുകയായിരുന്നു.

  തോൽവിയിൽ അന്വേഷണം വേണമെന്ന ജോസ് കെ. മാണിയുടെ ആവശ്യമാണ് ഇതോടെ ഫലം കാണാതെ പോകുന്നത്. പ്രാദേശികമായി ജോസ് കെ. മാണിയും സി.പി.എം. നേതൃത്വം തെരഞ്ഞെടുപ്പിൽ ഒരുമയോടെ പ്രവർത്തിച്ചില്ല എന്നത് നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

  നഗരസഭയിൽ കേരള കോൺഗ്രസ് (എം) അംഗവും നഗരസഭാ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ ബൈജു കൊല്ലം പറമ്പിലും സി.പി.എം. പ്രതിനിധിയായ ബിനു പുളിക്കക്കണ്ടവും ഏറ്റുമുട്ടിയതും ഏറെ വിവാദമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന ഈ ഏറ്റുമുട്ടൽ ദൃശ്യങ്ങൾ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.

  ജോസ് കെ. മാണി പല തെരഞ്ഞെടുപ്പ് യോഗങ്ങളിലും സി.പി.എം. നേതൃത്വത്തിന്റെ നിർദേശങ്ങൾ പലതും പാലിച്ചില്ല എന്ന് പ്രാദേശിക നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഏതായാലും തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ മുൻപ് രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ജോസ് കെ. മാണി. സി.പി.എം. വിലയിരുത്തലിനോട് കാര്യമായ പ്രതികരണം നടത്തേണ്ട എന്ന തീരുമാനത്തിലാണ് കേരള കോൺഗ്രസ് (എം).
  Published by:user_57
  First published:
  )}