• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

എതിരാളികൾക്കുപോലും സ്വീകാര്യനായിരുന്ന കോടിയേരി യാത്രയായത് കേരളത്തിൽ സിപിഎമ്മിനും ഇടതുരാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണ്

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Share this:
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസായിരുന്നു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ച് ഇന്ന് രാത്രി എട്ടരയോടെയാണ് അന്ത്യം. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

എതിരാളികൾക്കുപോലും സ്വീകാര്യനായിരുന്ന കോടിയേരി യാത്രയായത് കേരളത്തിൽ സിപിഎമ്മിനും ഇടതുരാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണ്.

ഓഗസ്റ്റ് 29 ന് പ്രത്യേക എയർ ആംബുലൻസിലാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്‍റെ അവശതയും കണക്കിലെടുത്താണ് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയത്. നേരത്തെ അമേരിക്കയിൽ ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരുന്നു അപ്പോളോയിൽ കോടിയേരിയെ ചികിത്സിച്ചുവന്നത്.

കണ്ണൂർ തലശേരി കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നാണ് ബാലകൃഷ്ണൻ ജനിച്ചത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിലെത്തിയ ബാലകൃഷ്ണൻ കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി.

സ്കൂൾ പഠനകാലത്ത് തന്നെ കോടിയേരി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പതിനാറാം വയസിൽ കോടിയേരി പാർട്ടി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1970ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് സിപിഎമ്മിന്‍റെ പ്രദേശത്തെ അറിയപ്പെടുന്ന നേതാവായി കോടിയേരി മാറുന്നത്. ഈ സമയം മാഹിയിൽ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ യൂണിയൻ ചെയർമാനായും കോടിയേരി തെരെഞ്ഞെടുക്കപ്പെട്ടു. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയർന്ന കോടിയേരി ബാലകൃഷ്ണൻ 1970ൽ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു.

1973ൽ അദ്ദേഹം കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അപ്പോൾ പതിനൊന്ന് വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം അതേ വർഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. കോടിയേരി എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുമ്പോഴാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ (MISA) തടവുകാരനായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്ന് ജയിലിൽ പിണറായി വിജയൻ, എം.പി വീരേന്ദ്രകുമാർ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു. മർദ്ദനത്തെത്തുടർന്ന് അവശനായ പിണറായി വിജയനെ പരിചരിക്കാൻ അന്ന് നിയോഗിച്ചത് കോടിയേരി ബാലകൃഷ്ണനെയായിരുന്നു.

1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഎം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു.

2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ പിണറായി വിജയന്‍റെ പിൻഗമായിയായി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2018ൽ കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. 2022ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മൂന്നാമൂഴം ലഭിച്ച് അഞ്ച് മാസം പിന്നിടുമ്പോഴാണ് കോടിയേരി അനാരോഗ്യം മൂലം പാർട്ടി സെക്രട്ടറിപദം ഒഴിഞ്ഞത്.

2006-2011 കാലഘട്ടത്തിൽ വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെ 2001 മുതൽ 2016 വരെ തുടർച്ചയായി 15 വർഷം കോടിയേരി ബാലകൃഷ്ണൻ പ്രതിനിധാനം ചെയ്തു. കൂടാതെ 1982, 1987 വർഷങ്ങളിലും തലശേരിയിൽനിന്ന് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയുമായ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.
Published by:Anuraj GR
First published: