തിരുവനന്തപുരം: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയിൽ ജി.സുധാകരന് സിപിഎമ്മിന്റെ പരസ്യ ശാസന. സ്ഥാനാർഥി നിർണയ സന്ദർഭത്തിലും പ്രചരണ സമയത്തും സംസ്ഥാന കമ്മിറ്റി അംഗത്തിന് യോജിച്ച വിധമല്ല സുധാകരൻ പ്രവർത്തിച്ചതെന്ന് നടപടി പരസ്യമാക്കിയ വാർത്താക്കുറുപ്പിൽ സിപിഎം വ്യക്തമാക്കി. തെറ്റു പറ്റിയിട്ടില്ലെന്നും അമ്പലപ്പുഴയിൽ വോട്ട് കുറഞ്ഞിട്ടില്ലെന്നുമുള്ള സുധാകരന്റെ വിശദീകരണം തള്ളിയാണ് പാർട്ടി നടപടിയെടുത്തത്. തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും സുധാകരൻ സംസ്ഥാന സമിതിയിൽ പറഞ്ഞു.
നടപടിയെപ്പറ്റി സംസ്ഥാന സെക്രട്ടറി പറയുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റി അവസാനിച്ചയുടൻ സുധാകരൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. കോടിയേരി ബാലകൃഷ്ണനുമായും സുധാകരൻ കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പ് വിജയത്തിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് വീണ്ടും വ്യക്തമാക്കുകയാണ് സിപിഎം. അമ്പലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ അന്വേഷിച്ച എളമരം കരീം, കെ.ജെ.തോമസ് കമ്മിഷന്റെ കണ്ടെത്തലുകൾ സംസ്ഥാന സമിതി ശരിവച്ചു. സെക്രട്ടേറിയറ്റിന്റെ നടപടി ശുപാർശ സംസ്ഥാന സമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. സലാമിനെ പരാജയപ്പെടുത്താൻ സുധാകരൻ ശ്രമിച്ചില്ല. എന്നാൽ നേതാവിന്റെതായ ഇടപെടൽ സ്ഥാനാർഥിയുടെ വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർഥിത്വം പ്രതീക്ഷിച്ച സുധാകരൻ മാറ്റം ഉൾക്കൊണ്ട് നേതാവിന്റെ ഉത്തരവാദിത്വം നിർവഹിച്ചില്ല. മാറ്റത്തോടുണ്ടായ അസംതൃപ്തി സുധാകരന്റെ സംസാര ഭാഷയിലും ശരീര ഭാഷയിലും പ്രകടമായെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നടപടിയിലെ നീരസം വ്യക്തമാക്കുന്നതായിരുന്നു സമിതി യോഗ ശേഷം എകെജി സെന്ററിനു പുറത്തെത്തത്തിയ സുധാകരന്റെ പ്രതികരണം.
എകെജി സെന്ററിൽ നിന്ന് നേരേ ക്ലിഫ് ഹൗസിലെത്തി ഒരു മണിക്കൂറോളം മുഖ്യമന്ത്രിയുമായി സുധാകരൻ ചർച്ച നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണയുടേയും മുഖ്യമന്ത്രിയുടെ നിർദേശത്തിന്റേയും അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. സുധാകരൻ മുതിർന്ന നേതാവാണെന്നും തെറ്റു തിരുത്തി അദ്ദേഹം പാർട്ടിയുടെ ഭാഗമായി നിൽക്കണമെന്നും സംസ്ഥാന സമിതിയിൽ ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കണ്ട ശേഷവും നടപടിയോട് പ്രതികരിക്കാൻ സുധാകരൻ തയാറായില്ല.
സംസ്ഥാന സമിതിയിൽ നിന്ന് തരംതാഴ്ത്തൽ പോലുള്ള നടപടികളിൽ നിന്ന് സുധാകരനെ രക്ഷിച്ചത് പിണറായിക്ക് അദ്ദേഹത്തോടുള്ള പ്രത്യേക താത്പര്യമെന്നാണ് വിലയിരുത്തൽ. ക്ളിഫ് ഹൗസിലെ കൂടിക്കാഴ്ചയും സുധാകരനെ കൈവിടാനല്ല, കൂടി നിർത്താനാണ് തീരുമാനമെന്നതിന്റെ സൂചനയായി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.