തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെ നിശിതമായി വിമർശിച്ച് എൻഡിഎ സംസ്ഥാന കൺവീനർ പി കെ കൃഷ്ണദാസ് രംഗത്തെത്തി. മാർക്സിന്റെ മൂലധനത്തെക്കാൾ CPM ആശ്രയിക്കുന്നത് കെ ടി ജലീലിന്റെ മൂലധനം ആണെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ബന്ധുനിയമന വിവാദത്തിൽ കെ ടി ജലീൽ കുറ്റക്കാരനാണെന്നും മുഖ്യമന്ത്രി ജലീലിനെതിരെ നടപടിയെടുക്കണമെന്നും ലോകായുക്ത വിധിച്ചിരുന്നു. എന്നാൽ കെ ടി ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്. കീഴ്ക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ മാത്രം മന്ത്രിമാർ രാജി വയ്ക്കുന്ന കീഴ് വഴക്കം കേരളത്തിൽ ഇല്ലെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജലീലിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തതിൽ രൂക്ഷവിമർശനവുമായി കൃഷ്ണദാസ് രംഗത്തെത്തിയത്.
കെ ടി ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. ഇസ്ലാം തീവ്രവാദികളുമായുള്ള സിപിഎമ്മിന്റെകൂട്ടുകച്ചവടം കെ ടി ജലീൽ പുറത്ത് വിടുമോ എന്ന പേടിയിലാണ് മുഖ്യമന്ത്രി. സിപിഎമ്മും ഇസ്ലാം തീവ്രവാദി സംഘടനകളും തമ്മിലുള്ള കൂട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണ് കെ ടി ജലീൽ. മുഖ്യമന്ത്രിയെ ജലീൽ ബ്ലാക്ക് മെയിൽ ചെയ്യുന്നോ എന്ന് സംശയമുണ്ട്. അതിനാലാണ് മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത്. മാർക്സിൻ്റെ മൂലധനത്തെക്കാൾ സി പി എം ആശ്രയിക്കുന്നത് ജലീലിൻ്റെ മൂലധനത്തെയാണ്.
ബന്ധു നിയമനത്തിൽ ജലീലിനെ മുഖ്യമന്ത്രി അനധികൃതമായി സഹായിച്ചുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകും.
കെ ടി ജലീലിൻ്റെ എല്ലാ ഇടപാടുകളും സിബിഐ അന്വേഷിക്കണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ മികച്ച വിജയം നേടും. നിലവിൽ നിയമസഭയ്ക്ക് പുറത്ത് ബിജെപി നിർണായക ശക്തിയാണ്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയ്ക്കകത്തും ബിജെപി നിർണായക ശക്തിയായി മാറുമെന്നും പി കെ കൃഷ്ണദാസ് അവകാശപ്പെട്ടു.
അതിനിടെ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ ആശ്വാസം കൊള്ളുന്ന ഒരാളുണ്ട്, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയെങ്കിലും തടയപ്പെട്ട സഹീർ കാലടിയെന്ന ചെറുപ്പക്കാരൻ. ജലീൽ വ്യക്തി വിരോധം വച്ച് തൻറെ കരിയർ നശിപ്പിച്ചെന്നാണ് സഹീർ കാലടിയുടെ ആക്ഷേപം.
2016 ൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് സഹീർ കാലടി അപേക്ഷ നൽകിയിരുന്നു. അന്ന് സഹീർ പൊതുമേഖലാ സ്ഥാപനമായ മാൽകോ ടെക്സിലെ ഫിനാൻസ് മാനേജരായിരുന്നു. നിഷ്കർഷിച്ച യോഗ്യതകളെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീൽ പിന്നീട് അദീപിന് വേണ്ടി തസ്തികയുടെ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നുമാണ് സഹീർ പറയുന്നത്.
" ജലീലിൻ്റെ ബന്ധുവിന് വേണ്ടി കണ്ടെത്തിയ പോസ്റ്റിലേക്ക് അപേക്ഷ നൽകി എന്ന ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ബി-ടെക് ആദ്യ ഘട്ടത്തിൽ ഈ ജോലിക്ക് വേണ്ടി ഉള്ള യോഗ്യത ആയിരുന്നില്ല. പിന്നീട് അത് ജലീലിന്റെ താത്പര്യ പ്രകാരം തിരുത്തി" സഹീർ പറയുന്നു.
Also Read
ബന്ധു നിയമനം: കെ ടി ജലീൽ കുറ്റക്കാരൻ; മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല: ലോകായുക്തയോഗ്യത ഇല്ലെന്ന് പറഞ്ഞ് തഴഞ്ഞ നടപടിക്കെതിരെ ഫേസ്ബുക് പോസ്റ്റ് ഇട്ടതോടെയാണ് താൻ ജലീലിന് ശത്രുവായെന്നും പിന്നിട് സ്ഥാപനത്തിൽ ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ വന്നെന്നും സഹീർ പറഞ്ഞു. തൊഴിലിടത്തിലെ പീഡനം സഹിക്കാൻ പറ്റാതെയാണ് രാജി വച്ചത്. ജലീലിനെതിരെ നൽകിയ പരാതികൾ തീർപ്പാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയുടെ വിധി വന്നതെന്നും സഹീർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.