സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെ സിഐടിയുവിന്റെ ചുമതലകളില്‍ നീക്കി. സിഐടിയു ഏരിയ സെക്രട്ടറി കൂടിയായിരുന്ന ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മറ്റിയംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയയിലെ കമ്മിറ്റി അംഗങ്ങളാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.
സംഭവം വിവാദമായതോടെ ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വേഗത്തില്‍ ലഭ്യമാക്കി നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവം ചർച്ച ചെയ്യാൻ ജില്ലാ സെക്രട്ടറി ആർ. നാസർ പങ്കെടുത്ത അടിയന്തര യോഗം ഇന്നലെ വൈകിട്ടാണ് ചേർന്നത്.
നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പെരുമാറുന്നതു കണ്ടെത്തിയതിനെത്തുടർന്നാണ് സിഐടിയു ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. സിഐടിയുവിന്റെ വസ്ത്രവ്യാപാരമേഖലയിലെ തൊഴിലാളികളുടേതുൾപ്പെടെയുള്ള ചുമതല ആരോപണവിധേയനുണ്ടായിരുന്നു.
വിവിധ ആവശ്യങ്ങൾക്ക് പാർട്ടിയെ സമീപിക്കുന്ന സ്ത്രീകളോട് ഇയാൾ മോശമായി പെരുമാറിയെന്ന വിവരം പാർട്ടി നേതൃത്വത്തിനു ലഭിച്ചിരുന്നു. ആലപ്പുഴ മേഖലയിൽ സിപിഎമ്മിൽ വിഭാഗീയത നിലനിൽക്കുന്നതിനാൽ അതിന്റെ ഭാഗമായുള്ള ആരോപണം എന്നാണ് പാർട്ടി ആദ്യം കരുതിയത്. എന്നാൽ, ഒരു പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ച സമീപവാസികൾ പിടിച്ചെടുത്ത ഫോണാണ് നേതാവിനെ കുരുക്കിയത്.
വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ ദൃശ്യങ്ങളാണ് പ്രവർത്തകർ തന്നെ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണിൽനിന്നു കണ്ടെത്തിയത്. സമാനമായ പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നിട്ടുണ്ടെങ്കിലും നേതൃത്വത്തിൽ ചിലർ സംരക്ഷിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ജില്ലാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ സ്ത്രീകളിൽ ഒരാൾ രണ്ടാഴ്ച മുൻപ് സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയായിരുന്നു.
അംഗത്തിനെതിരേ പരാതി കിട്ടാഞ്ഞതിനാൽ നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി വി.എൻ. വിജയകുമാർ പറഞ്ഞു. പ്രവർത്തനം മോശമായതുകൊണ്ടാണ് സിഐടിയു ചുമതലകളിൽനിന്നു നീക്കിയതെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.