കോഴിക്കോട്: ലവ് ജിഹാദ് (love Jihaad) പരാമര്‍ശത്തില്‍ തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസിന് പരസ്യ ശാസന നൽകി പാർട്ടി. സിപിഎം (CPM) നിലപാടിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞതിനാണ് നടപടി എടുത്തത്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജോർജ് എം തോമസിനെതിരായ നടപടി റിപ്പോര്‍ട്ട് ചെയ്തത്. ലവ് ജിഹാദ് ശരിയെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസ് പറഞ്ഞത്. കോടഞ്ചേരിയിലെ മിശ്ര വിവാഹത്തെ തുടർന്നാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ജോർജ് എം തോമസിന്റെ പരാമർശം പാർട്ടി വിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.
അദ്ദേഹത്തിന് തെറ്റ് ബോധ്യപ്പെട്ടു. വീഴ്ച പാർട്ടി ഗൗരവമായി പരിശോധിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പ്രതികരണങ്ങൾ നടത്തുമ്പോൾ പാർട്ടി നിലപാടിൽ നിന്ന് വ്യതിചലിക്കരുത്. അച്ചടക്ക നടപടി ജോർജ് എം തോമസും ഉൾക്കൊണ്ടതായി പി മോഹനൻ പറഞ്ഞു.
പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിനും ജോയ്സ്നയുമായുള്ള പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞിരുന്നു.
ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളില്‍ ഉണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പ്രസ്താവന. ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും രംഗത്തെത്തിയിരുന്നു.
ഒടുവില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ചതിന്‍റെ പേരിൽ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം നേതൃത്വത്തിലുള്ള പലരും ജോയ്‍സ്നയ്ക്കും ഷിജിനും തുറന്ന പിന്തുണയുമായി രംഗത്ത് വന്നു.
'എനിക്ക് മതമില്ല; ജോയ്സന ക്രിസ്ത്യാനിയായിരിക്കും': ഷെജിൻ;' മാതാപിതാക്കളെ സംസാരിച്ച് ബോധ്യപ്പെടുത്തും:' ജോയ്സന
ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുവാദം ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കോടഞ്ചേരിയിലെ ജോയ്സനയും ഷെജിനും രംഗത്ത്. ഞാന്‍ മതവിശ്വാസിയല്ല, ജോയ്സന ക്രിസ്തുമത വിശ്വാസിയാണെന്നും , മരണം വരെ അവള്‍ക്ക് അതില്‍ തുടരാം, താന്‍ അതില്‍ ഇടപെടില്ലെന്നും അത് ജോയ്സനയുടെ വ്യക്തിപരമായ കാര്യമാണെന്നും ഷെജിന്‍ പ്രതികരിച്ചു.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും, വിവാഹ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാതാപിതാക്കളെ കണ്ട് സംസാരിക്കുമെന്നും ജോയ്സനയും പ്രതികരിച്ചു.
ജോയ്സ്നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.
അതേസമയം തനിക്ക് ഇനി മകളെ കാണേണ്ടെന്നാണ് ജോയ്സ്നയുടെ പിതാവ് ജോസഫ് പറഞ്ഞത്. കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുതെന്നും ജോസഫ് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Dyfi, Love Jihaad, Marriage