തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണത്തിൽ തത്കാലം അന്വേഷണം ഇല്ല. ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായെങ്കിലും ഇ പിക്കെതിരേ തത്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഇ പി ജയരാജൻ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ള കാര്യം വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഓഹരികളെ കുറിച്ചും യോഗത്തിൽ ജയരാജൻ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ പി ജയരാജൻ തയ്യാറായില്ല. ചോദ്യങ്ങളോട് എല്ലാവർക്കും ‘ഹാപ്പി ന്യൂ ഇയർ’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതിനിടെ, മുൻവ്യവസായമന്ത്രിയെന്ന നിലയിൽ സ്വാധീനം ഉപയോഗിച്ച് ഇ പി ജയരാജൻ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് വിജിലൻസിന് പരാതി നൽകി.
മുൻമന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരേ അന്വേഷണം നടത്താൻ സർക്കാർ അനുമതിവേണം. അതിനാൽ, പരാതിയിൽ തുടർനടപടിക്കായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഫയൽ ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് അനുമതിനൽകിയെങ്കിലേ പരാതിയിൽ നടപടിയുണ്ടാവൂ.
Also Read- കോൺഗ്രസ് ബിജെപിയുടെ ബി ടീം; മൃദു ഹിന്ദുത്വ നിലപാടിലൂടെ ബിജെപിയെ നേരിടാനാവില്ലെന്ന് എം വി ഗോവിന്ദന്
റിസോർട്ടിന്റെപേരിലുള്ള നിയമവിരുദ്ധപ്രവർത്തനവും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.