• HOME
 • »
 • NEWS
 • »
 • kerala
 • »
 • ലോ കോളജിലെ SFI സമരത്തെ തള്ളി എം.വി. ഗോവിന്ദൻ: 'പൂട്ടിയിടുക എന്നതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല'

ലോ കോളജിലെ SFI സമരത്തെ തള്ളി എം.വി. ഗോവിന്ദൻ: 'പൂട്ടിയിടുക എന്നതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല'

'സമരം ചെയ്യേണ്ടത് ജനാധിപത്യ രീതിയിലാണ്. തെറ്റായ രീതിയിലുള്ള ഒരു സമരരീതിയും വെച്ചു പൊറുപ്പിക്കില്ല'

 • Share this:

  തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ അധ്യാപകരെ ബന്ദികളാക്കിയ എസ്​എഫ്ഐ സമരരീതി​യെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘അധ്യാപകരെ പൂട്ടിയിടുക എന്നതിന്റെ അർത്ഥം എന്താണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. അങ്ങനെ പൂട്ടിയിട്ടിട്ടുണ്ടോ ഇല്ലേ എന്ന് പറയാൻ പറ്റില്ല. എന്താണ് നടന്നത് എന്ന് അവരുമായി ചർച്ച ചെയ്താലേ മനസ്സിലാകൂ. നമ്മൾ അത്തരം ഒരു സമരരീതിക്ക് അംഗീകാരം നൽകില്ല. സമരം ചെയ്യേണ്ടത് ജനാധിപത്യ രീതിയിലാണ്. തെറ്റായ രീതിയിലുള്ള ഒരു സമരരീതിയും വെച്ചു പൊറുപ്പിക്കില്ല’- എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചെന്ന പരാതിയുമായി കോളജിലെ അധ്യാപിക വി കെ സഞ്ജു രംഗത്തുവന്നിരുന്നു. ലൈറ്റും ഫാനും ഓഫാക്കി 21 അധ്യാപകരെ മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിട്ടെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

  വ്യാഴാഴ്ച കെ എസ് യു പ്രവർത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനുമെതിരെ കോളജ് ചെയർമാനും എസ് ​എഫ് ഐ പ്രവർത്തകരുമായ അശ്വിൻ അശോക്, ജനറൽ സെക്രട്ടറി ഫഹദ്, യുയുസി ജുനൈദ് അടക്കം 24 പേ​രെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, കെ എസ് യു പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്​ച വൈക‌ിട്ട് നാലു മുതൽ പുലർച്ച 12.30 വരെ പ്രിൻസിപ്പൽ ബിജുകുമാറിനെയും ഇരുപതോളം വരുന്ന അധ്യാപകരെയും മുറിക്കുള്ളിൽ വിദ്യാർത്ഥികൾ പൂട്ടിയിട്ടത്. ഇതിനിടയിലായിരുന്നു അക്രമവും.

  Also Read- ‘രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടത്, കളവൊന്നും പറയേണ്ട കാര്യമില്ല’; എം.വി. ഗോവിന്ദൻ

  ‘കോളജ് തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്കിടയിൽ ചൊവ്വാഴ്ച കെഎസ്യുവിന്‍റെ കൊടിമരം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു. കാമറയിൽ വ്യക്തമായി പതിഞ്ഞ 24 കുട്ടികളെ സസ്പെൻഡ് ചെയ്തു. തുടർന്ന് മറുപരാതിയുമായെത്തിയ എസ്എഫ്ഐക്കാരോട് കെ.എസ്.യു ആക്രമിച്ചതിന്‍റെ എന്തെങ്കിലും തെളിവ് നൽകിയാൽ നടപടിയെടുക്കാമെന്ന് അറിയിച്ചു.

  എന്നാൽ, ഒന്നും ഹാജരാക്കാനുണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള നേതാക്കളക്കം കോളജിലെത്തി സമ്മർദം ചെലുത്തി. വൈകിട്ട് നാലോടെ അധ്യാപകരെ ബന്ദികളാക്കി. കൂട്ടത്തിൽ രോഗങ്ങളുള്ളവരും മരുന്നു മുടങ്ങാതെ കഴിക്കേണ്ടവരുമുണ്ട്. ഭക്ഷണവും വെള്ളവും പോലും ഉണ്ടായിരുന്നില്ല. രാത്രി പത്തരയോടെ അവർ ഫാനും ലൈറ്റും ഓഫ് ചെയ്തു. ഇവ പ്രവർത്തിപ്പിക്കണമെന്നു പറഞ്ഞപ്പോൾ നിങ്ങൾക്ക് കാറ്റും വെളിച്ചവും വേണ്ടെന്ന് അവർ പറഞ്ഞു.

  Also Read- എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎം ജനകീയ പ്രതിരോധ യാത്ര സമാപനം; ഉദ്ഘാടനം സീതാറാം യെച്ചൂരി

  കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ഞാൻ പുറത്തേക്കിറങ്ങാൻ ശ്രമിച്ചു. അപ്പോൾ ചിലർ കൈ പിടിച്ച് പിന്നിലേക്കു വലിച്ചു. കണ്ടുനിന്ന പൊലീസ് അടക്കം ആരും അവരെ തടഞ്ഞില്ല. കൈക്കും കഴുത്തിനും വലിയ വേദനയുണ്ട്​. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ചികിത്സ തേടി. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചത്’- അസി. പ്രൊഫസര്‍ സഞ്ജു പറയുന്നു.

  അധ്യാപകർ പ്രതിഷേധിച്ചതോടെ വെള്ളിയാഴ്ച പുലർച്ച 12.30ന്​ സമരം അവസാനിപ്പിക്കാൻ എസ്എഫ്ഐ തയാറായി. വെള്ളിയാഴ്ച അധ്യാപകർ കോളജിൽ പ്രതിഷേധ പ്രകടനം നടത്തി.

  Published by:Rajesh V
  First published: