തിരുവനന്തപുരം: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ പരിധി വിട്ട പെരുമാറ്റത്തിന്റെപേരിൽ സംസ്ഥാന സമിതി അംഗവും സി പി എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനു സി പി എം സംസ്ഥാന സമിതിയുടെ താക്കീത്. മേലിൽ ഇത്തരം സംഭവങ്ങൾആവർത്തിക്കരുതെന്ന് ജയരാജനും സംസ്ഥാന സമിതി അംഗം കെ പി സഹദേവനും പാർട്ടി കർശനനിർദ്ദേശവും നൽകി.
ജൂലൈ 17ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ സംഭവത്തിന്റെ പേരിലാണ് പി ജയരാജനെ താക്കീത് ചെയ്തത്. രാമനാട്ടുകര സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി, ശുഹൈബ് കൊലപാതക കേസ് പ്രതി ആകാശ് തില്ലങ്കേരി തുടങ്ങിയവരുടെ പാർട്ടി ബന്ധം സംബന്ധിച്ച ചർച്ചയാണ് അനിഷ്ട സംഭവങ്ങളിലേക്കു കടന്നത്. പി ജയരാജൻ്റെ തണല് പറ്റിയാണ് ഇത്തരക്കാർ വളരുന്നത് എന്ന പരാമർശം യോഗത്തിലുണ്ടായി. ഇതിനുള്ള ജയരാജൻ്റെ മറുപടി 'വാടാ പോടാ' വിളിയിലും രൂക്ഷമായ വാക് പോരിലും കലാശിക്കുകയായിരുന്നു.
വാഗ്വാദങ്ങൾക്കൊടുവിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിർത്തി വയ്ക്കുകയായിരുന്നു. മന്ത്രി എം വി ഗോവിന്ദൻ്റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ഏറ്റുമുട്ടൽ. എം വി ഗോവിന്ദൻ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പി ജയരാജനെതിരേ കെ പി സഹദേവൻ സംസ്ഥാന സമിതിക്ക് പരാതിയും നൽകി.
തുടർന്നാണ് സംസ്ഥാന സമിതി മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് താക്കീതിന്റെ സ്വരത്തിലുളള കർശന നിർദ്ദേശം നൽകിയത്. സാങ്കേതികമായി അച്ചടക്ക നടപടിയല്ലെങ്കിലും സംസ്ഥാന സമിതിയിൽ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ അതേ നിലയ്ക്ക് തന്നെ കണക്കാക്കാവുന്നതാണ്.
വ്യക്തി പൂജാ വിവാദത്തിലും പൊലീസ് സ്റ്റേഷനിലെ മൈക്ക് കെട്ടി പ്രസംഗത്തിൻ്റെ പേരിലും പി ജയരാജനെതിരെ സമാന നടപടി ഉണ്ടായിരുന്നു. പാര്‍ട്ടി മര്യാദയ്ക്കു ചേരാത്ത വാദപ്രതിവാദങ്ങൾ നടന്നു എന്നതിനാലും പ്രശ്നമാണ് പരിഹാര നടപടികൾ ചർച്ച ചെയ്യാനുള്ള ശ്രമവും അലങ്കോലമായതും നേതൃത്വത്തിന്റെ മനോഭാവത്തിനു കാരണമായി.
Also Read- കണ്ണൂരിൽ അറസ്റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം; ഇന്ന് ഡൽഹിയിലെത്തിക്കും
വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി പാർട്ടിസംസ്ഥാന സമിതിയംഗം പി.സതീദേവിയെ നിയമിക്കാൻ സർക്കാരിനോട് ശുപാർശചെയ്യാനും സിപിഎം തീരുമാനിച്ചു. സാങ്കേതിക നടപടികൾ പൂർത്തിയാക്കിസർക്കാർ തീരുമാനം പ്രഖ്യാപിക്കും. വടകര മുൻ എംപിയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ് സി പി എം സംസ്ഥാന സമിതി അംഗം കൂടിയായ പി സതീദേവി. പരാതിക്കാരിയോട് മോശമായി പെരുമാറിയതിനാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം സി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയത്. വനിതാ കമ്മിഷൻ്റെ തലപ്പത്ത് നിയമ വിദഗ്ധയെ നിയമിക്കണമെന്ന നിർദേശവും സി പി എമ്മിനു മുന്നിലുണ്ടായിരുന്നു. എന്നാൽ പാർട്ടി നേതാവ് തന്നെ മതിയെന്ന തീരുമാനത്തിലേക്കു പാർട്ടി എത്തിച്ചേരുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, P Jayarajan