• HOME
  • »
  • NEWS
  • »
  • kerala
  • »
  • മേയർ RSS പരിപാടിയിൽ പങ്കെടുത്ത സംഭവം; CPM സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി

മേയർ RSS പരിപാടിയിൽ പങ്കെടുത്ത സംഭവം; CPM സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി

സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. സംഭവത്തില്‍ മേയര്‍ക്കെതിരെ കൂടുതൽ നടപടി വേണോയെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കും.

  • Last Updated :
  • Share this:
    ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പിന്‍റെ നടപടിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. സംഭവത്തില്‍ മേയര്‍ക്കെതിരെ കൂടുതൽ നടപടി വേണോയെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കും. ബാലഗോകുലം പരിപാടില്‍ പങ്കെടുത്ത മേയറിന്‍റെ നടപടിയെ സിപിഎം പരസ്യമായി തള്ളിയിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ മേയര്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

    മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പി മോഹനന്‍ പ്രസ്താവനയില്‍ പറയുന്നു.

    ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് വിചാരിച്ചിട്ടല്ല താന്‍ പരിപാടിക്ക് പോയതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പ്രതികരിച്ചു. മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോഴാണ് പരിപാടിക്കു പോയത്. മാതൃ സമ്മേളനത്തിൽ ശിശു പരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയര്‍ കോഴിക്കോട്ട് പറഞ്ഞു കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വ്യക്തമാക്കി.

     Also Read- 'സംഘപരിവാർ വേദിയിൽ മേയർ സംസാരിച്ച നിലപാട് ശരിയായില്ല'; ബീന ഫിലിപ്പിനെ തള്ളി സിപിഎം

    ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണമെന്ന് മേയർ പറ‍ഞ്ഞു.

    പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നു എന്നതിലാണ് പ്രധാനം. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം.അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകുമെന്നും മേയർ പ്രസംഗിച്ചു.

    അതേസമയം ആർ‌എസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകർഷിക്കാനാണ് ബാലഗോകുലം ശോഭയാത്രകൾ നടത്തുന്നതെന്നായിരുന്നു സിപിഎം നിലപാട്.2010 ഫെബ്രുവരിയിൽ മുതിർന്ന നേതാവും കൊല്ലം കോർപറേഷൻ മേയറുമായിരുന്ന എൻ പത്മലോചനനെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിന് സിപിഎം സസ്പെൻഡ് ചെയ്തതിരുന്നു. കൂടാതെ മേയർ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തു. ഇപ്പോൾ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് കോഴിക്കോട് മേയർ ബീന ഫിലിപ്പ് വിവാദത്തിലായതോടെയാണ് പത്മലോചനനെതിരായ നടപടി വീണ്ടും ചർച്ചയാകുന്നത്.

    ആർഎസ്എസിന്‍റെ സാംഘിക്കിന്‍റെ സ്വാഗതസംഘം ഓഫീസ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെയാണ് പത്മലോചനൻ വിവാദത്തിൽ അകപ്പെട്ടത്. പാർട്ടിയിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് പത്മലോചനനെ സസ്പെൻഡ് ചെയ്യുകയും മേയർ സ്ഥാനത്തുനിന്ന് രാജി ആവശ്യപ്പെടുകയുമായിരുന്നു. അന്ന് പാർട്ടിയിൽ തരംതാഴ്ത്തൽ നടപടിയും പത്മലോചനൻ നേരിട്ടിരുന്നു
    Published by:Arun krishna
    First published: