തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. വിഷയത്തിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ജില്ലാഘടകത്തിനു കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. ബാങ്ക് ക്രമക്കേട് സംസ്ഥാന നേതൃത്വം നേരത്തേ അറിഞ്ഞിരുന്നു എന്നും ഇതോടെ വ്യക്തമാകുകയാണ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ ബാങ്കുകളിലും പരിശോധനയ്ക്കും തിരുത്തലിനും സിപിഎം നടപടി തുടങ്ങി.
സഹകരണ പ്രസ്ഥാനങ്ങളും കേരളത്തിലെ സിപിഎമ്മുമായുള്ളത് ഇഴപിരിക്കാനാകാത്ത ബന്ധമാണ്. പാര്‍ട്ടിയുടെ പ്രധാന വരുമാന സ്രോതസ്സ് കൂടിയാണ് സഹകരണ പ്രസ്ഥാനങ്ങള്‍. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സിപിഎമ്മിന് വലിയ ആഘാതവുമാണ്. പ്രത്യേകിച്ചും ബിജെപി നേതൃത്വം സഹകരണരംഗത്ത് പിടിമുറുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍. അതുകൊണ്ടുതന്നെ കരുവന്നുര്‍ സഹകരണ ബാങ്ക് ക്രമക്കേട് ഗുരുതരമായ വിഷയമായി സിപിഎം നേതൃത്വം കാണുന്നു. കരുവന്നൂരിലെ തട്ടിപ്പിന്റെ ആഴവും ഗൗരവവും സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയത്.
കരുവന്നൂരില്‍ ക്രമക്കേട് സംബന്ധിച്ച പരാതി ആദ്യം ലഭിച്ചത് തൃശൂരില്‍ നിന്നുള്ള നേതാവായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയില്‍ അന്വേഷണം തീരുമാനിക്കുകയും വിവരം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സമിതി അംഗമായ പി.കെ.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തൃശൂര്‍ ജില്ലയില്‍ നിന്നു തന്നെയുള്ള എ.സി.മൊയ്തീന് ഇക്കാലയളവില്‍ സഹകരണ മന്ത്രിയുമായിരുന്നു. അതിനാല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം അദ്ദേഹത്തിനും ഉണ്ടായിരുന്നു. എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയോ ജാഗ്രത കാട്ടുകയും ചെയ്തില്ലെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.
ക്രമക്കേട് നടത്തിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരേ കര്‍ശന നടപടിക്കാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ഇപ്പോള്‍ ആരോപണം നേരിടുന്നവര്‍ക്കു പുറമേ തൃശൂരിലെ കൂടുതല്‍ സി പി എം നേതാക്കള്‍ക്കെതിരേയും നടപടി വരും. പൊലീസ് അന്വേഷണവും കൂടുതല്‍ ഊര്‍ജിതമാക്കും. തൃശൂരില്‍ പാര്‍ട്ടിയുടേയും സഹകരണ പ്രസ്ഥാനങ്ങളുടേയും വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ഉതകുന്ന നടപടികള്‍ വേണമന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വത്തിനും സര്‍ക്കാരിനും നല്‍കിയിരിക്കുന്ന നിര്‍ദേശം.
സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ളതും പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുള്ളതുമായ എല്ലാ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടിതല പരിശോധനയ്ക്കും തീരുമാനമുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ ഏതെങ്കിലും തരത്തില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതു കണ്ടെത്തണം. സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതിനു പുറമേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനതലത്തിലും ജില്ലാ പ്രാദേശിക തലങ്ങളിലും സിപിഎമ്മിന് സഹകരണ സബ് കമ്മിറ്റികള്‍ ഉണ്ട്. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമാണിത്. ഇവയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. ക്രമക്കേടുകള്‍ തടയാന്‍ സഹകരണ നിയമഭേദഗതിക്ക് സര്‍ക്കാരും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സഹകരണ വിജിലന്‍സ് ശക്തിപ്പെടുത്താനാണ് നീക്കം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.