മാവോയിസ്റ്റ്, യുഎപിഎ വിഷയത്തിൽ ശക്തമായ പ്രചരണം സംഘടിപ്പിക്കാൻ CPM സംസ്ഥാന സെക്രട്ടേറിയറ്റ്

ഇടതുപക്ഷത്തിനും സി.പി.എമ്മിനുമെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന മാവോയിസ്റ്റുകള്‍ മാര്‍ക്‌സിസം - ലെനിനിസം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയല്ല.

News18 Malayalam | news18
Updated: November 8, 2019, 5:57 PM IST
മാവോയിസ്റ്റ്, യുഎപിഎ വിഷയത്തിൽ ശക്തമായ പ്രചരണം സംഘടിപ്പിക്കാൻ CPM സംസ്ഥാന സെക്രട്ടേറിയറ്റ്
cpm
  • News18
  • Last Updated: November 8, 2019, 5:57 PM IST IST
  • Share this:
തിരുവനന്തപുരം: മാവോയിസ്റ്റ്, യു.എ.പി.എ പ്രശ്‌നങ്ങളിൽ ശക്തമായ കാമ്പയിൻ സംഘടിപ്പിക്കാൻ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ വിഷയങ്ങളിൽ സിപിഎമ്മിനെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷവും ഇടതു തീവ്രവാദ ശക്തികളും സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിന്‌ എക്കാലത്തും മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ട്‌. ബംഗാളിലെ ഇടതു സര്‍ക്കാരിനെ താഴെയിറക്കുന്നതിന്‌ മമതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തിയ വിശാല അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായിരുന്നു മാവോയിസ്റ്റുകള്‍. അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയെ ശാരീരികമായി ഇല്ലാതാക്കുമെന്ന്‌ പ്രഖ്യാപിച്ച മാവോയിസ്റ്റുകള്‍, മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിയാക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നും പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ 1967ലെ ഐക്യമുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നക്‌സലെറ്റുകള്‍ നടത്തിയ പ്രവര്‍ത്തനവും ഇത്തരത്തില്‍ പ്രസക്തമാണ്‌.

യുഎപിഎ അറസ്റ്റിൽ പ്രതികളെ കയ്യൊഴിഞ്ഞ് സിപിഎം; സർക്കാർ നടപടി ശരിവച്ച് സംസ്ഥാന സെക്രട്ടേറിയറ്റ്

ഇടതുപക്ഷത്തിനും സി.പി.എമ്മിനുമെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന മാവോയിസ്റ്റുകള്‍ മാര്‍ക്‌സിസം - ലെനിനിസം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയല്ല. അതൊരു ഭീകരവാദ സംഘടന മാത്രമാണ്‌. ജനാധിപത്യ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ പകരം സായുധ കലാപമാണ്‌ ഇവര്‍ മുന്നോട്ടു വെയ്‌ക്കുന്നത്‌. ഇവരുടെ ഉന്മൂലന സിദ്ധാന്തത്തിന്‍റെ പ്രയോഗം വർഗ ശത്രുക്കൾക്ക് എതിരാകുന്നതിന്‌ പകരം സി.പി.എം ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും എതിരാളികള്‍ക്ക്‌ അവസരം നല്‍കിയതാണ്‌ അനുഭവം. സി.പി.എം പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെടുന്ന സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനാണ്‌ മാവോയിസ്റ്റുകള്‍ തയ്യാറായത്‌. ഈ ചിന്താധാര ആധുനിക കേരളം തള്ളിക്കളഞ്ഞതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

അട്ടപ്പാടിയില്‍, പൊലീസിനെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ്‌ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കിയത്‌. എന്നാല്‍, ഇത്‌ സംബന്ധിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മജിസ്റ്റീരിയല്‍ നിലവാരത്തിലുള്ള അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പൗരാവകാശങ്ങള്‍ക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്‌ യു.എ.പി.എ എന്ന നിലപാടാണ്‌ സി.പി.എമ്മിനുള്ളത്‌. ഈ നിയമനിർമാണ ഘട്ടത്തിലും ഭേദഗതികളുടെ സന്ദര്‍ഭത്തിലും പാര്‍ലമെന്‍റിലും പുറത്തും തുടർച്ചയായി എതിര്‍പ്പ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ഇടതുപക്ഷം മാത്രമാണ്‌. എന്നാല്‍, കോണ്‍ഗ്രസും ബി.ജെ.പിയും കൈ കോര്‍ത്ത്‌ പാസാക്കിയ ഈ കേന്ദ്രനിയമം ഇന്ന്‌ രാജ്യവ്യാപകമായി ബാധകമാണ്‌. സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയില്‍ കേന്ദ്രത്തിന്‌ നേരിട്ട്‌ ഇടപെടാന്‍ ഈ നിയമം അവസരം നല്‍കുന്നു.യഥാര്‍ത്ഥത്തില്‍ ഈ നിയമം ഫെഡറല്‍ കാഴ്‌ച്ചപ്പാടുകള്‍ക്ക്‌ എതിരാണ്‌. ഈ പരിമിതിക്കകത്തു നിന്നും ജനാധിപത്യ കാഴ്‌ചപ്പാടോടെ നിയമത്തെ സമീപിക്കാനാണ്‌ ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്‌. പന്തീരങ്കാവ്‌ സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യു.എ.പി.എ ദുരുപയോഗിക്കില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും സിപിഎമ്മിനെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ്‌ ഇപ്പോഴത്തെ പ്രചാരവേലകളിലുള്ളത്‌. അതിനായി വസ്‌തുതകളെ വളച്ചൊടിച്ച്‌ നുണ പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. എല്ലാ കമ്മ്യൂണിസ്റ്റ്‌ വിരോധികളെയും ഒന്നിപ്പിക്കാനും ഇടതുപക്ഷ ചിന്താഗതിക്കാരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള വ്യാമോഹവും ഇതിലുണ്ട്‌. അത്‌ തുറന്ന്‌ കാണിക്കുന്നതിനും സി.പി.എം നിലപാട്‌ വിശദീകരിക്കുന്നതിനും വിപുലമായ ബഹുജന കാമ്പയിന്‍ സംഘടിപ്പിക്കുവാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading