തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകീട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സമാപന സമ്മേളനം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്കെതിരായ പ്രചാരണത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലുമായിരുന്നു യാത്രയുടെ ലക്ഷ്യം. ഫെബ്രുവരി 20ന് കാസർഗോഡ് കുമ്പളയിലായിരുന്നു ജാഥ ആരംഭിച്ചത്.
പാര്‍ട്ടിയെ പിടിമുറുക്കിയ വിവാദങ്ങളുടെ കൂടി കുരുക്കഴിച്ചാണ് എംവി ഗോവിന്ദന്റെ ഒരു മാസക്കാലം നീണ്ടുനിന്ന ജാഥ തലസ്ഥാന നഗരിയിൽ അസസാനിക്കുന്നത്. തില്ലേങ്കേരി ബന്ധത്തിൽ തുടങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബജറ്റിലെ അധിക നികുതി നിരിദ്ദശങ്ങൾക്കും എതിരായി ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ അസാന്നിധ്യവും വിവാദങ്ങളായി.
കൂടാതെ തൃശൂരിലെ മൈക്ക് ഓപ്പറേറ്ററെ വേദിയിൽ വെച്ച് ശകാരിച്ച് ഇറക്കി വിട്ടതും കെ- റെയിൽ അപ്പക്കഥയും സുരേഷ് ഗോപിക്ക് നൽകിയ മറുപടിയും വാർത്തകളിൽ ഇടമായി. ആലപ്പുഴയില്‍ ജാഥയെത്തിയപ്പോൾ സ്വീകരണ പരിപാടിയില്‍ ക്ഷേത്രാചാരമായ ജീവത എഴുന്നെള്ളത്തിനെ അവഹേളിച്ചതായി പരാതി ഉയർന്നിരുന്നു.
ജാഥ അവസാനിക്കുമ്പോൾ സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. സ്വപ്ന സുരേഷ് ഉന്നയിച്ച ഒത്തു തീര്‍പ്പ് ആരോപണത്തിൽ ജാഥ തലസ്ഥാനത്തെത്തും മുൻപ് മാനനഷ്ടക്കേസ് ഫയൽ ചെയ്യേണ്ടിയും വന്നു എംവി ഗോവിന്ദന്.
Also Read-ഒരു കോടി രൂപ നഷ്ടപരിഹാരം; സ്വപ്‌ന സുരേഷിന് എം.വി. ഗോവിന്ദൻ വക്കീല്‍ നോട്ടിസ് അയച്ചു
ബ്രഹ്മപുരം തീപിടിത്തവും സിപിഎം പ്രതിരോധ യാത്രയെ പ്രതിരോധത്തിലാക്കി. വിമര്‍ശനങ്ങളുടെ കുത്തൊഴുക്കിനിടയിലും വൻ സ്വീകരണ യോഗങ്ങളും ജാഥയുടെ ലക്ഷ്യം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസമാണ് ജാഥ സമാപിക്കുമ്പോൾ പാര്‍ട്ടിക്കുള്ളത്.
പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പുത്തരിക്കണ്ട മൈതാനിയിൽ വൈകിട്ട് യാത്ര അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനന്‍ ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.