തൃശൂർ: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനോട് ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൈക്ക് ഓപ്പറേറ്ററോട് താൻ തട്ടികയറിയിട്ടില്ല. ശരിയായ രീതിയിലാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇമ്മാതിരി വാർത്തകൾ ഉണ്ടാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തി.
എം വി ഗോവിന്ദന്‍റെ വാക്കുകൾ
‘പ്രസംഗത്തിനിടെ ഒരു പ്രാവശ്യം വന്ന് അയാള്‍ മൈക്ക് ശരിയാക്കി. അവിടെനിന്നും പോയി, ശേഷം വീണ്ടും വന്ന് ഒന്നുകൂടി മൈക്ക് ശരിയാക്കി. എന്നിട്ട് അയാള്‍ എന്നോടു പറയുകയാണ്, അടുത്തുനിന്ന് സംസാരിക്കണമെന്ന്. അടുത്തുനിന്ന് സംസാരിക്കണമെന്നു പറഞ്ഞ് ആ മൈക്ക് ഓപ്പറേറ്റര്‍ എന്നെ പഠിപ്പിക്കാന്‍ വരികയാണ്.’
‘അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ അടുത്തു നില്‍ക്കാത്തതല്ല പ്രശ്‌നം. ഒരുപാടു സാധനങ്ങളുണ്ടിവിടെ. ആ സാധനമെല്ലാം കൊണ്ടുവച്ച് കൃത്യമായി, ശാസ്ത്രീയമായിട്ട് തയാറാക്കാന്‍ പറ്റിയിട്ടില്ല. അതാണ് പ്രശ്‌നം. എന്നിട്ട് അതിനെക്കുറിച്ച് ഞാന്‍ പൊതുയോഗത്തില്‍ വിശദീകരിക്കുകയും ചെയ്തു. അതിനു ക്ലാസെടുത്തു. അപ്പോള്‍ ഞാന്‍ ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചെല്ലാം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതില്‍ പ്രാപ്തിയില്ലാത്തതിന്‍റെ ഫലമായിട്ടാണ് ആ സംഭവമുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കയ്യടിക്കുകയും ചെയ്തു’.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.