ലൈഫ് മിഷന്‍ അഴിമതി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അത് രാഷ്ട്രീയപ്രേരിതമാണെന്നും ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദൻ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും വ്യക്തമല്ലാത്ത പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ശുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ഇതിനെ കുറിച്ച് പലരും പറയുന്നതിനോട് പ്രതികരിക്കാനില്ല. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.