തൃശൂർ: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ വേദിയിൽ വെച്ച് ശകാരിച്ച് ഇറക്കിവിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാളയിൽ നടന്ന ജാഥ സ്വീകരണ സമ്മേളനത്തിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോട്ടെ ഓഫീസിൽ നടന്ന പൊലീസ് റെയ്ഡ് വിശദീകരിക്കുന്നതിനിടെയായിരുന്നു മൈക്ക് ഓപ്പറേറ്റര്‍ വേദിയിലേക്കെത്തി മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാമോ എന്ന് ചോദിച്ചത്. ഇതിൽ പ്രകോപിതനായാണ് എം.വി ഗോവിന്ദൻ ശകാരിച്ചത്.’ നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണല്ലോ ഉത്തരവാദി’ എന്നായിരുന്നു ഗോവിന്ദൻ യുവാവിനോട് ചോദിച്ചത്.
Also Read-യാത്രാ നിരക്ക് കുറവാണ്; കെ റെയില്‍ അപ്പം വില്‍പ്പനയെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച് വേദിയിൽ നിന്ന് ഇറക്കിവിട്ടശേഷം മൈക്ക് കൈകാര്യം ചെയ്യുന്നതിനെപ്പറ്റി സദസിൽ സംസാരിക്കുകയും ചെയ്തു. ആദ്യമായി മൈക്കിന് മുന്നിൽ സംസാരിക്കുന്നയാളോട് വിശദീകരിക്കുന്നത് പോലെയാണ് പറയുന്നത്. കുറേ സാധനങ്ങളുണ്ടായിട്ട് കാര്യമില്ല അത് കൈകാര്യം ചെയ്യാൻ അറിയില്ല. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിൽ മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര നാളെ എറണാകുളം ജില്ലയിൽ പ്രവേശിക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തൃശൂർ ജില്ലാ അതിർത്തിയായ പൊങ്ങത്ത് ജാഥയെ സ്വീകരിക്കും. തുടർന്ന് അങ്കമാലി, ആലുവ, പറവൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും. കഴിഞ്ഞ മാസം 20ന് കാസർകോട് നിന്നാണ് ജനകീയ പ്രതിരോധ ജാഥ തുടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.