ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മുന്‍ സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് എം വി ഗോവിന്ദനെ നിയോഗിച്ചത്.
Also Read- ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് 79-ാം പിറന്നാള്‍; നേരിട്ടെത്തി ആശംസ അറിയിച്ച് മമ്മൂട്ടി
17 അംഗ പോളിറ്റ് ബ്യൂറോയില്‍ കേരള ഘടകത്തില്‍നിന്ന് കോടിയേരി ഉള്‍പ്പെടെ നാല് അംഗങ്ങളാണുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എ. വിജയരാഘവന്‍ എന്നിവരാണ് കേരള ഘടകത്തില്‍നിന്നുള്ള മറ്റുനേതാക്കള്‍. കേന്ദ്രകമ്മറ്റിയിലെ മുതിര്‍ന്ന അംഗങ്ങളായ ഇ പി ജയരാജന്‍, തോമസ് ഐസക്, എ കെ ബാലന്‍, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരുടെ പേരുകളും പി.ബി.ക്കുമുന്നിലുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സെക്രട്ടറിയെന്ന മുന്‍തൂക്കമാണ് ഗോവിന്ദന് ലഭിച്ചത്.
അതേസമയം, പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു.
Also Read- പാലം യുവാക്കൾ മനഃപൂർവം കുലുക്കി; പിന്നാലെ ഗുജറാത്തിലെ തൂക്കുപാലം തകരുന്നതിന്റെ ദൃശ്യം പുറത്ത്
സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് പിന്നാലെ പോളിറ്റ് ബ്യൂറോയിൽ കൂടി എത്തിയതോടെ സിപിഎമ്മിന്റെ അനിഷേധ്യ നേതാവായി മാറുകയാണ് എം വി ഗോവിന്ദൻ. 2018 ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തിയ ഗോവിന്ദന്റെ വളർച്ച വളരെ വേഗമായിരുന്നു. പി കെ ശ്രീമതി, ഇ പി ജയരാജൻ, എ കെ ബാലൻ തുടങ്ങി ഒരുപിടി സീനിയർ നേതാക്കളെ മറികടന്നാണ് സിപിഎമ്മിന്റെ പരമോന്നത സമിതിയിൽ ഗോവിന്ദൻ എത്തിയത്. സംസ്ഥാന സെക്രട്ടറിമാർ പി ബി അംഗങ്ങളായിരിക്കണമെന്ന കീഴ്വഴക്കവും ഗോവിന്ദന് തുണയായി.
കോടിയേരിക്ക് പകരക്കാരനായി സംസ്ഥാന നേതൃത്വത്തിന്റെ സ്വാഭാവിക നിർദേശമായി ഗോവിന്ദന്റെ പേരു മാറി. രാജ്യത്തെ ഏറ്റവും ശക്തമായ പാർട്ടിഘടകത്തിന്റെ നിർദേശത്തെ കേന്ദ്ര നേതൃത്വവും അതേപടി അംഗീകരിച്ചു. മന്ത്രി സ്ഥാനത്തുനിന്ന് പാർട്ടി സെക്രട്ടറിയും പിന്നാലെ പോളിറ്റ്ബ്യൂറോ അംഗവുമായി മാറിയ പിണറായി വിജയന്റെ വഴിയെയാണ് കണ്ണൂരിൽ നിന്ന് തന്നെയുള്ള ഗോവിന്ദന്റെയും സഞ്ചാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kodiyeri balakrishnan, MV Govindan