മാവോയിസ്റ്റ് ബന്ധമാരോപിച്ച് സി.പി.എം. അംഗങ്ങള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പാര്‍ട്ടി പരിശോധന തുടങ്ങുന്നു. തീവ്രവാദ ആശയങ്ങളില്‍ കൂടുതല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ ആകൃഷ്ടരാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിർദ്ദേശമുണ്ട്.
അലന് ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധമുണ്ടെന്നാണ് സി.പി.എം. ജില്ലാ ഘടകത്തിന്റെ പ്രാഥമികമായ നിഗമനം. ഇത് നേരത്തെ മനസ്സിലാക്കുന്നതിലും തിരുത്തുന്നതിലും കീഴ്ഘടകങ്ങള്‍ക്ക് വീഴ്ച സംഭവിച്ചെന്നും പാര്‍ട്ടി വിലയിരുത്തുന്നു. അലന്റെയും താഹയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ സി.പി.എം. നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാവും.
തീവ്ര ഇടത്, ഇസ്ലാമിസ്റ്റ് ധാരകളോട് പാര്‍ട്ടി അംഗങ്ങള്‍ അനുഭാവം പുലര്‍ത്തുന്നുണ്ടോയെന്ന കാര്യം പരിശോധിക്കും. ഇക്കാര്യം കീഴ്ഘടകങ്ങളില്‍ സംഘടനാ റിപ്പോര്‍ട്ടിങിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യും. സ്വതന്ത്ര സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കും. കോഴിക്കോട് ജില്ലയില്‍ 46,800 അംഗങ്ങളുള്ളതില്‍ ദൈനം ദിന പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാവാത്തവരുടെ മെമ്പര്‍ഷിപ്പ് പുനഃപരിശോധിക്കും. ഒപ്പം തന്നെ മാവോയിസ്റ്റ് ആശയങ്ങള്‍ക്കെതിരെ ക്യാമ്പയിന് തുടങ്ങാനും തീരുമാനമുണ്ട്.
സി.പി.എം. ജനറല്‍ സെക്രട്ടറി തന്നെ കരിനിയമം എന്ന് വിശേഷിപ്പിച്ച യു.എ.പി.എ.യുമായി ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതില്‍ താഴെത്തട്ടില്‍ അമര്‍ഷമുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ വരെ പരസ്യ നിലപാടെടുക്കുന്നതിനും നിയന്ത്രണം വരും. അലനും താഹയ്ക്കുമെതിരെ നടപടിയുണ്ടായാലും കുടുംബത്തെ കൈയൊഴിയില്ലെന്നാണ് തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: P mohanan, UAPA, UAPA Arrest, Uapa case