• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kudumbashree |കുടുംബശ്രീ ഹോട്ടൽ പൊളിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാൻ സിപിഎം

Kudumbashree |കുടുംബശ്രീ ഹോട്ടൽ പൊളിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാൻ സിപിഎം

കണ്ണൂർ കോർപ്പറേഷൻ മേയറെ വസ്ത്രാക്ഷേപം നടത്തി അപമാനിക്കാൻ ശ്രമിച്ച മഹിളാ അസോസിയേഷൻ അപലപനീയം എന്ന് ജില്ല കോൺഗ്രസ് നേതൃത്വം.

  • Share this:
കണ്ണൂർ കോർപ്പറേഷൻ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ പൊളിച്ച സംഭവത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്താൻ തീരുമാനിച്ച് സിപിഎം. ഇതിനെതിരെ വരുംദിവസങ്ങളിലും മേയർക്കെതിരെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി.

2018 ഒക്ടോബറിലാണ് ടേസ്റ്റി ഹട്ട് എന്ന കുടുംബശ്രീ സംരംഭം കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ ആരംഭിച്ചത്. 7 സ്ത്രീകള്‍ ബേങ്കില്‍ നിന്ന് വായ്പയെടുത്താണ് ഈ സംരംഭം ആരംഭിച്ചത്.

"ടേസ്റ്റി ഹട്ടില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് വായ്പ തുക തിരിച്ചടക്കുന്നത്. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും രുചികരമായ ഭക്ഷണം മിതമായ നിരക്കിലാണ് കുടുംബശ്രീ സംരംഭം നൽകിയത്. അതിരാവിലെ മുതല്‍ സ്ത്രീകള്‍ ജോലിക്കെത്തും. അവരുടെ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ് ഈ ഹോട്ടല്‍. അതാണ് ധിക്കാരത്തോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് കളഞ്ഞത്. ഡല്‍ഹിയിലെ ബി.ജെ.പി മേയറുടെ സ്വരമാണ് കണ്ണൂര്‍ മേയര്‍ക്ക്, "എം വി ജയരാജൻ പറഞ്ഞു.

കോവിഡ് കാലത്ത് 2020 മാര്‍ച്ചില്‍ ആരംഭിച്ച കുടുംബശ്രീ സംരംഭമായ ജനകീയ ഹോട്ടല്‍ ശ്രദ്ധേയമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ 90 ജനകീയ ഹോട്ടലുകള്‍ മിതമായ നിരക്കില്‍ ഭക്ഷണം നല്‍കി വരുന്നുണ്ട്. എന്നാൽ കണ്ണൂര്‍ നഗരത്തില്‍ ഒരെണ്ണം പോലും ഇല്ല. സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും ഒന്നിലേറെ ജനകീയ ഹോട്ടലുകളുണ്ട്. കോഴിക്കോട് നഗരത്തില്‍ മാത്രം 6 ജനകീയ ഹോട്ടലുകളുണ്ട്. ടേസ്റ്റി ഹട്ടിനെ ജനകീയ ഹോട്ടലാക്കി മാറ്റിയാല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായി തീരും. അത്തരം ഒരു ആവശ്യം ഉയര്‍ന്നു വന്നിട്ടും കോര്‍പ്പറേഷന്‍ അതിന് സന്നദ്ധമായില്ല എന്ന് സി പി എം ആരോപിക്കുന്നു.

കോര്‍പ്പറേഷന് പുതുതായി ഓഫീസ് കെട്ടിടം പണിയാനുള്ള സ്ഥലം സര്‍ക്കാറാണ് അനുവദിച്ചത്. ഓഫീസ് കെട്ടിടം പണിയുമ്പോള്‍ പകരം ടേസ്റ്റി ഹട്ടിന് ആവശ്യമായ കെട്ടിട സൗകര്യം ഒരുക്കി കൊടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അത് പാലിച്ചിക്കപ്പെട്ടില്ലന്ന് എം വി ജയരാജൻ ആരോപിക്കുന്നു.

പുതിയ കെട്ടിടം പണിത് കഴിഞ്ഞാല്‍ ടേസ്റ്റി ഹട്ടിനെ അവിടെ സൗകര്യം ഒരുക്കുമെന്ന് കോര്‍പ്പറേഷന്‍ ഉറപ്പ് നല്‍കുന്നില്ല. " ടേസ്റ്റി ഹട്ട് പൊളിക്കുകയും ഫ്രിഡ്ജ്, സ്റ്റൗ, ചെമ്പ് പാത്രങ്ങള്‍ മറ്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം എടുത്തു കൊണ്ടുപോവുകയും ചെയ്തു. ഇതൊന്നും ഒരു ഭരണാധികാരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന നടപടിയല്ല. ", എം വി ജയരാജൻ പറഞ്ഞു.

1998 മെയ് 17 നാണ് കുടുംബശ്രീ എന്ന പ്രസ്ഥാനം ആരംഭിച്ചത്. സംസ്ഥാനത്താകെ 2.8 ലക്ഷം അയല്‍കൂട്ടങ്ങളും 48 ലക്ഷം സ്ത്രീകളും ഉള്ള പ്രസ്ഥാനമാണ് കുടുംബശ്രീ. ജില്ലയില്‍ 20500 അയല്‍കൂട്ടങ്ങളും 3.16 ലക്ഷം അംഗങ്ങളുമുണ്ട്. സാമൂഹിക- സാമ്പത്തിക-സ്ത്രീ ശാക്തീകരണമാണ് കുടുംബശ്രീ ലക്ഷ്യമിട്ടത്. ലിംഗനീതിയും തുല്യതയുമാണ് നടപ്പാക്കി വരുന്നത്. കേന്ദ്രസര്‍ക്കാറിന്‍റെ ദേശീയ-നഗര ഉപജീവന മിഷന്‍റെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയും ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയുമാണ് കേരളത്തില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുടുംബശ്രീ സംരംഭത്തെ സംരക്ഷിക്കാനായി ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ബഹുജന സംഘടനകളോടും ജനങ്ങളോടും ആവശ്യപ്പെടുന്നതായി എം വി ജയരാജൻ വ്യക്തമാക്കി.

അതേസമയം ലൈസൻസില്ലാത്ത അനധികൃത ഷെഡ് പൊളിച്ചുമാറ്റി കോർപ്പറേഷൻ ഓഫീസ് നിർമ്മിക്കാൻ സൗകര്യമൊരുക്കുകയാണ് മേയർ ചെയ്തതെന്നാണ് കോൺഗ്രസിൻറെ നിലപാട്. മേയർ അഡ്വ. ടി ഒ മോഹനനെ വസ്ത്രാക്ഷേപം നടത്തി അപമാനിക്കാൻ ശ്രമിച്ച മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ ശ്രമം തികച്ചും അപലപനീയമാണെന്ന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസ്താവിച്ചു. പോലീസിൻറെ പിന്തുണയോടെ കൂടിയാണ് മേയർക്കെതിരെ അക്രമം നടത്തുന്നതെന്നും ഡിസിസി കണ്ണൂർ ജില്ലാ അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു. മേയറെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ പട്ടണത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
Published by:Sarath Mohanan
First published: