തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരേ സിപിഎം നിയമനടപടിക്ക്. കള്ളവോട്ട് കേസില്‍ മീണയുടേത് ഏകപക്ഷീയ നിലപാടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ കാട്ടിയ തിടുക്കം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടായില്ലെന്നും യോഗം കുറ്റപ്പെടുത്തി.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരേ നിയമപരമായി നീങ്ങാനാണ് സിപിഎം തീരുമാനം. കള്ളവോട്ട് കേസില്‍ മീണയുടെ നിലപാടുകള്‍ക്കെതിരേ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കള്ളവോട്ട് ആരോപണവും തുടര്‍ന്നുണ്ടായ നടപടികളും വിശദമായി ചര്‍ച്ച ചെയ്തു. മീണ ഏകപക്ഷീയമായി പെരുമാറിയെന്ന കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് സെക്രട്ടേറിയറ്റും യോജിച്ചു.
പിലാത്തറയിലും തൃക്കരിപ്പൂരിലും സിപിഎം പ്രവര്‍ത്തര്‍ക്കെതിരേ കേസെടുക്കാന്‍ മീണ അമിത ഉത്സാഹം കാട്ടി. കുറ്റാരോപിതരുടെ വിശദീകരണം കേള്‍ക്കാനോ മൊഴിയെടുക്കാനോ തയാറായില്ല. എന്നാല്‍ ലീഗ് പ്രവര്‍ത്തകരുടെ കാര്യം വന്നപ്പോള്‍ ഇതായിരുന്നില്ല സമീപനം. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ തെളിവുകള്‍ സഹിതം പരാതി ഉണ്ടായിട്ടും അവരുടെ വിശദീകരണം കേട്ടു. ഇത് ഇരട്ടത്താപ്പാണെന്നും യോഗം വിലയിരുത്തി. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷമാകും മീണയ്ക്കെതിരേയുള്ള നിയമനടപടികള്‍ സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക. മുസ്ലീംലീഗിന്റെ കള്ളവോട്ട് വിവാദത്തില്‍ പ്രചാരണം ശക്തമാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.