• HOME
  • »
  • NEWS
  • »
  • kerala
  • »
  • വി എസ് അച്യുതാനന്ദൻ ശതാബ്ദിയിലേക്ക്; ജീവിതം തന്നെ പോരാട്ടമാക്കിയ കമ്മ്യൂണിസ്റ്റ് നേതാവിന് പിറന്നാളാശംസകൾ

വി എസ് അച്യുതാനന്ദൻ ശതാബ്ദിയിലേക്ക്; ജീവിതം തന്നെ പോരാട്ടമാക്കിയ കമ്മ്യൂണിസ്റ്റ് നേതാവിന് പിറന്നാളാശംസകൾ

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അവർക്കായി വാദിക്കാൻ പഴയ ഊർജത്തോടെ, ജാഗ്രതയോടെ വി എസ് മുന്നിൽ നിന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. രാഷ്ട്രീയ കേരളത്തിന്റെ പോരാളിക്ക്, കേരളത്തിന്റെ സ്വന്തം വി എസിന് പിറന്നാൾ ആശംസകൾ

  • Share this:
തിരുവനന്തപുരം: ജീവിതം തന്നെ പോരാട്ടമാക്കിയ കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദൻ ശതാബ്ദിയിലേക്ക്. രാജ്യത്ത് തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇന്ന് 99ാം പിറന്നാൾ. അനീതിക്കെതിരെ ഉറച്ച നിലപാടെടുക്കുകയും അതു ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്യുന്ന വി എസ് പക്ഷേ, ഇന്ന് വീടിന്റെ ചുവരുകൾക്കുള്ളിൽ വിശ്രമ ജീവിതത്തിലാണ്. മകൻ വി എ അരുൺ കുമാറിന്‍റെ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വീട്ടിലാണ് അദ്ദേഹമുള്ളത്.

അസുഖബാധിതനാകുന്നതു വരെയും പുലർച്ചയുള്ള 20 മിനിറ്റ് നടത്തം, യോഗ എന്നിവയിലൂടെയായിരുന്നു വി എസിന്‍റെ ദിനചര്യ ആരംഭിച്ചിരുന്നത്. പക്ഷേ, അസുഖ ബാധിതനായതോടെ അണുബാധ ഉണ്ടാവാതിരിക്കാൻ ഡോക്ടർമാരുടെ നിർദേശപ്രകാരം കർശന നിയന്ത്രണമാണ് സന്ദർശകർക്ക് കുടുംബം ഏൽപ്പിച്ചിരിക്കുന്നത്. അതിനാൽ ഭാര്യ വസുമതി മകൻ, മകൾ, മരുമക്കൾ, ചെറുമക്കൾ എന്നിവർക്കൊപ്പമാവും വി എസിന്‍റെ പിറന്നാൾ.

പക്ഷാഘാതത്തെ തുടർന്ന് 2019 മുതലാണ് വി എസ് പൊതുജീവതത്തിൽനിന്ന് മാറിനിൽക്കുന്നത്. 2016ൽ ഒന്നാം പിണറായി സർക്കാറിന്‍റെ ആദ്യകാലം വരെയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ എന്നനിലയിൽ വി എസിന്‍റെ പൊതുജീവിതം സംഭവബഹുലമായിരുന്നു.

രാഷ്ട്രീയം, പരിസ്ഥിതി, സ്ത്രീകൾക്കു എതിരേയുള്ള അതിക്രമങ്ങൾ.. അരുതാത്തത് എന്ത് സംഭവിക്കുമ്പോഴും വിഎസിന്റെ പ്രതികരണത്തിന് കേരളം കാതോർക്കും. ആ ഇടപെടലുകൾ ഇരകൾക്ക് ധൈര്യം പകരും. പാർട്ടിക്കുള്ളിലും പലപ്പോഴും വിമതനായിരുന്നു വി എസ്. സിൽവർ ലെയിൻ, യു എ പി എ, മാവോയിസ്റ്റ് വേട്ട, സ്വകാര്യ നിക്ഷേപം, പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ തുടങ്ങി സി പി എമ്മിനും സർക്കാരിനും നയ വ്യതിയാനമുണ്ടായെന്ന വിമർശനം ഉയർന്ന നിരവധി വിഷയങ്ങളിൽ എന്താകുമായിരുന്നു വിഎസിന്റെ നിലപാടുകൾ എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും.

വി എസില്ലാത്ത ഇടതുപക്ഷത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാതിരുന്ന ഒരു തലമുറയാണ് പാർട്ടിയിലും സമൂഹത്തിലും കടന്നുപോവുന്നത്. അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ സംഘടനാ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വി എസിന്‍റെ തല്ല് ഏറ്റുവാങ്ങാത്തവരും തലോടൽ ലഭിച്ചവരും കുറവാണ്. സി പി എമ്മിൽ വിഭാഗയതയുടെ ഇരുണ്ടദിനങ്ങളിൽ പരസ്പരം മുഖം കറുപ്പിച്ചവരായിരുന്നു വി എസും പിണറായി വിജയനും. പക്ഷേ, ഒരു കമ്യൂണിസ്റ്റുകാരന് മറ്റൊരാളോടുള്ള കരുതൽ ഇന്നും സിപിഎമ്മും പിണറായിയും വി എസിന് മേൽ ചൊരിയുന്നുമുണ്ട്. വി എസ് അസുഖബാധിതനായ ശേഷം രണ്ട് പ്രാവശ്യമാണ് മുഖ്യമന്ത്രി വി എസിനെ സന്ദർശിച്ചത്.

1923 ഒക്ടോബർ 20നാണ് വി എസ് അച്യുതാനന്ദൻ എന്ന വെന്തലത്തറ ശങ്കരന്‍റെ മകൻ അച്യുതാനന്ദന്‍റെ ജനനം. പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കം കുറിക്കുന്നതും ഇന്നാണ്. രണ്ടും ഒരേ ദിവസം എത്തുന്നത് അപൂർവതയാണ്. വി എസിന്‍റെ ജന്മദിനം ആഘോഷിക്കാൻ നാട്ടുകാർ ഒരുക്കം പൂർത്തിയാക്കി. വ്യാഴാഴ്ച പതിവുപോലെ പായസവിതരണം നടത്തിയാണ് പ്രിയ സഖാവിന്‍റെ പിറന്നാൾ നാട്ടുകാർ ആഘോഷിക്കുന്നത്. വി എസിന്‍റെ വീടിനടുത്തുള്ള അസംബ്ലി ജംഗ്ഷനിലാണ് പായസവിതരണം. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളും മകൻ അരുൺകുമാറിന്‍റെ സഹപാഠികളും സുഹൃത്തുക്കളും ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
വിശേഷദിവസങ്ങളിൽ ജന്മനാട്ടിൽ കുടുംബസമേതം എത്തിയിരുന്ന വി.എസ് ആരോഗ്യപ്രശ്‌നങ്ങളാൽ മകൻ അരുൺകുമാറിനൊപ്പം തിരുവനന്തപുരത്ത് പൂർണവിശ്രമത്തിലാണ്.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അവർക്കായി വാദിക്കാൻ പഴയ ഊർജത്തോടെ, ജാഗ്രതയോടെ വി എസ് മുന്നിൽ നിന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. രാഷ്ട്രീയ കേരളത്തിന്റെ പോരാളിക്ക്, കേരളത്തിന്റെ സ്വന്തം വി എസിന് പിറന്നാൾ ആശംസകൾ.
Published by:Rajesh V
First published: