ഇന്റർഫേസ് /വാർത്ത /Kerala / അണികള്‍ക്ക് ആവേശമായി വി.എസ്. വട്ടിയൂര്‍ക്കാവില്‍

അണികള്‍ക്ക് ആവേശമായി വി.എസ്. വട്ടിയൂര്‍ക്കാവില്‍

പ്രചാരണ വേദിയിൽ വി.എസ്.

പ്രചാരണ വേദിയിൽ വി.എസ്.

CPM veteran VS Achuthanandan arrives for Vattiyoorkavu poll campaign | സുധാകരന് മറുപടിയില്ലാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശ

  • Share this:

    തിരുവനന്തപുരം: ഒടുവില്‍ വി.എസ്. എത്തി. അണികള്‍ക്ക് ആവേശവും, ഇടതു സ്ഥാനാര്‍ഥിക്ക് പ്രതീക്ഷയും നല്‍കി വി.എസ്. അച്യുതാനന്ദന്‍ പ്രചരണ രംഗത്തേക്ക്. അഞ്ചു മണ്ഡലങ്ങിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് വി.എസ്. പ്രചരണത്തിനിറങ്ങിയത്. പാലാ ഉപതെരഞ്ഞെടുപ്പിലും അനാരോഗ്യം കാരണം വി.എസ്. പ്രചരണ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു.

    വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുറവന്‍കോണത്ത് നടന്ന പൊതുയോഗത്തിനെത്തിയ വി.എസി.നെ മുദ്രാവാക്യങ്ങള്‍ മുഴക്കി കരഘോഷത്തോടെയാണ് അണികള്‍ എതിരേറ്റത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രസംഗം ആരംഭിച്ചതോടെ വി.എസ്. പഴയ ഫോമിലേക്കെത്തി. നീട്ടിയും കുറുക്കിയുമുള്ള പതിവ് ശൈലിയില്‍ പ്രസംഗം. ഉപതെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് തുടക്കം. എല്ലാംകൊണ്ടും ഏറെ നിര്‍ണായകമാണ് ഈ ഉപ-തെരഞ്ഞെടുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ മതേതര കാഴ്ചപ്പാടിനും വികസന മുന്നേറ്റത്തിനും അംഗീകാരം നല്‍കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നു വി.എസിന്റെ അഭ്യര്‍ഥന.

    പിണറായി സര്‍ക്കാരിനെ വാനോളം പുകഴ്ത്താനും വി.എസ്. ശ്രദ്ധിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ വികസന മുരടിപ്പിനെക്കുറിച്ചായിരുന്നു ഏറെ ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന് അങ്ങനെയൊരു വാദം ഉന്നയിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയാറല്ല. അതിനു പകരം, സാമുദായികമായും വര്‍ഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയോട് ചേര്‍ന്ന് അവരുടെ അജന്‍ഡകള്‍ക്കു വേണ്ടി സംസാരിക്കുകയാണ് പ്രതിപക്ഷമെന്ന് കുറ്റപ്പെടുത്തല്‍.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നാം നടത്തുന്നത്. പക്ഷേ, ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോരയാണല്ലോ കൊതുകിനു കൗതുകം. അതുകൊണ്ടാണ് നായര്‍ സമുദായത്തെ കൂട്ടുപിടിച്ചും ശബരിമലയിലെ ഇരട്ടത്താപ്പു തുടര്‍ന്നും പള്ളിമേടകള്‍ കയറിയിറങ്ങിയും പ്രതിപക്ഷം ഉണ്ടയില്ലാ വെടികള്‍ പൊട്ടിച്ചുകൊണ്ടിരിക്കുന്നത്- വി.എസ്. പറഞ്ഞു.

    തലസ്ഥാന നഗരത്തിന്റെ മേയര്‍ എന്നി നിലയില്‍ മാത്രമല്ല, കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് സന്നദ്ധ പ്രവര്‍ത്തനിറങ്ങിയ യുവ നേതാവ് എന്ന നിലയിലും നിങ്ങളോടൊപ്പമുണ്ടായ വ്യക്തിയാണ് വി.കെ. പ്രശാന്ത്. തിരുവനന്തപുരത്തെ യുവാക്കളുടെ ആവേശവും മാതൃകയുമായ പ്രശാന്തിനെ വിജയിപ്പിക്കണമെന്ന ആഹ്വാനത്തോടെ വി.എസ്. പ്രസംഗം അവസാനിപ്പിച്ചു.

    കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ അധിക്ഷേപത്തിന് വി.എസ്. മറുപടി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിവാദത്തില്‍ വി.എസ്. മൗനം പാലിച്ചു. സുധാകരനുള്ള വി.എസിന്റെ മറുപടി കേള്‍ക്കാനെത്തിയ അണികള്‍ക്ക് ഇത് നിരാശയായി.

    First published:

    Tags: Vattiyoorkavu, Vattiyoorkavu By-Election, Vattiyoorkavu by-poll, Vattiyoorkavu Election, Vattiyoorkkavu by-Election