തിരുവനന്തപുരം: ജനകീയ കമ്മ്യൂണിസ്റ്റ് വി.എസ്. അച്യുതാനന്ദന് തൊണ്ണൂറ്റിയാറാം പിറന്നാള്‍. വെല്ലുവിളികളേയും എതിര്‍പ്പുകളേയും നേരിട്ടും വിജയ-പരാജയങ്ങള്‍ പരിചയിച്ചുമാണ് വിഎസിലെ രാഷ്ട്രീയക്കാരന് രൂപപ്പെട്ടത്. വി.എസ്. കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാകുന്നതും ആ പോരാട്ട വീറുകൊണ്ടു തന്നെ.
വിമര്‍ശനങ്ങളെ ഭയപ്പെട്ടുള്ള പിന്മാറ്റമല്ല, ചുട്ട മറുപടി നല്‍കിയുള്ള തിരിച്ചടിയാണ് വിഎസിന്റെ ശൈലി. പിറന്നാള്ത്തലേന്നും അത്തരമൊരു മറുപടിയിലൂടെയാണ് വിഎസ് വാര്‍ത്തകളില്‍ നിറയുന്നത്. പ്രായത്തെച്ചൊല്ലി അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനാണ് ഇത്തവണ വിഎസിന്റെ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞത്. ഒപ്പം സമദൂരം വെടിഞ്ഞ് ശരിദൂരം പ്രഖ്യാപിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും.
വെന്തലത്തറ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ആലപ്പുഴയിലെ ദരിദ്ര കുടുംബത്തില്‍ 1923 ഒക്ടോബര്‍ 20 ന് ജനനം. ഏഴാം വയസ്സില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. കാരണം ദാരിദ്യം. ഇതിനിടെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു. തയ്യല്‍ത്തൊഴിലാളിയായും കയര്‍ ഫാക്ടറി ജീവനക്കാരനായും ജീവിതത്തോടുള്ള പോരാട്ടം തുടങ്ങി വിഎസ് അച്യുതാനന്ദന്. പഴയ കാല കമ്മ്യൂണിസ്റ്റുകളെപ്പോലെ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായും കോണ്‍ഗ്രസുമായും സഹകരിച്ചു തന്നെയായിരുന്നു വിഎസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും തുടങ്ങിയത്. പിന്നീട് പുന്നപ്ര വയലാര്‍ സമര നായകനായി.
വിഎസ് പാടിയ കവിതയ്ക്ക് പിന്നിലെ കഥ, പോരാട്ടം, ചരിത്രം
ഇതിനിടെ വര്‍ഷങ്ങള്‍ നീണ്ട ഒളിവു ജീവതവും ജയില്‍ വാസവും കൊടിയ മര്‍ദ്ദനങ്ങളും. പൂഞ്ഞാര്‍ ലോക്കപ്പിലേറ്റ മര്‍ദ്ദനവും മരിച്ചെന്നു കരുതി പൊലീസുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചതുമൊക്കെ ചരിത്രം. 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പാര്‍ട്ടി അംഗത്വത്തില്‍ എത്തിയിട്ട് 79 വര്‍ഷം. ഇന്ത്യയിലെന്നല്ല, ലോകത്തു തന്നെ ഒരു കമ്മ്യൂണിസ്റ്റിനും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡ്. 1958ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗമായി. നിലവില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ്. സിപിഐഎമ്മിന്റെ രൂപീകരണം മുതല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ തുടരുന്നതും മറ്റൊരു അപൂര്‍വത. അതുകൊണ്ടാണ് വിഎസിന്റെ ജീവിതം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയായി മാറുന്നത്.
ട്രേഡ് യൂണിയന് നേതാവില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായി വിഎസ് വളര്‍ന്നു.
പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു നിന്നുമുള്ള എതിര്‍പ്പുകളേയും വെല്ലുവിളികളേയും അതിജീവിച്ചായിരുന്നു വിഎസിന്റെ ഓരോ മുന്നേറ്റവും. ഇതിനിടയില്‍ പലതവണ പാര്‍ട്ടി നടപടി നേരിട്ടു. ഒറ്റപ്പെട്ട സാഹചര്യങ്ങളില്‍ പലതിലും വിഎസ് സിപിഎം വിടുമെന്ന വാര്‍ത്തകള്‍ പരന്നു. പക്ഷേ, എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സിപിഎമ്മില്‍ത്തന്നെ തുടരാനായിരുന്നു വിഎസിന്റെ തീരുമാനം.
തൊണ്ണൂറ്റിയാറാംവയസ്സിലും മലമ്പുഴയുടെ ജനപ്രതിനിധിയാണ് വിഎസ്. ഒപ്പം ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനും. നിയമസഭാ നടപടികളിലും ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് എന്ന ഉത്തരവാദിത്വ നിര്‍വണത്തിലും വീഴ്ച വരുത്താറില്ലെങ്കിലും പൊതുപരിപാടികളില്‍ നിന്ന് കുറച്ചുനാളായി വിട്ടുനില്‍ക്കുകയായിരുന്നു വിഎസ്. നിര്‍ണായകമായ പാലാ ഉപതെരഞ്ഞെടുപ്പിലും വിഎസിന്റെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു. ഒരു പക്ഷേ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ശേഷം വിഎസിന്റെ സജീവ സാനിധ്യമില്ലാതെ നടന്ന ആദ്യ തെരഞ്ഞെടുപ്പ്.
അണികള്‍ക്ക് ആവേശമായി വി.എസ്. വട്ടിയൂര്‍ക്കാവില്‍
അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലും വിഎസ് പ്രചരണത്തിനിറങ്ങിയില്ല. എന്നാല്‍ വട്ടിയൂര്‍ക്കാവിലെ പൊതുയോഗത്തിലൂടെ വിഎസ് ലോകത്തോടു വിളിച്ചു പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന് താന്‍ ഒരുക്കമല്ലെന്ന്. വീറ് ഒട്ടും ചോരാത്ത തനതു പ്രസംഗ ശൈലിയിലൂടെ അണികളെ വിഎസ് അവിടേയും കൈയിലെടുത്തു.
തോറ്റു പിന്മാറാനും വിശ്രമിക്കാനും തയാറാല്ലാത്ത മനസ്സു തന്നെയാണ് വിഎസിന്റെ ശക്തി. അഴിമതിക്കെതിരേയും പ്രകൃതി സംരക്ഷണ വിഷയങ്ങളിലും ഇന്നും ജനം ഏറ്റവും ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരിക്കുന്നതും ഈ വൃദ്ധന്റെ പ്രതികരണമാണ്. അതുതന്നെയാണ് വിഎസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റിന്റെ പ്രസക്തി. പിറന്നാള്‍ ആഘോഷങ്ങള്‍ ശീലമല്ലെന്നു പറയാറുണ്ട്, വിഎസ്. എങ്കിലും വീട്ടുകാര്‍ക്കൊപ്പം ലളിതമായ ആഘോഷങ്ങളില്‍ പങ്കാളിയാകും. അണികളുടേയും ആരാധകരുടേയും സ്നേഹ സമ്മാനങ്ങളും ആശംസകളും സ്വീകരിക്കും. ഈ പിറന്നാള്‍ ദിനത്തിലും ഈ പതിവിന് മാറ്റമുണ്ടാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.