കോൺഗ്രസും സിപിഎമ്മും നേർക്കുനേർ വരുന്നത് 11 മണ്ഡലങ്ങളിൽ

news18
Updated: March 19, 2019, 6:33 PM IST
കോൺഗ്രസും സിപിഎമ്മും നേർക്കുനേർ വരുന്നത് 11 മണ്ഡലങ്ങളിൽ
cpm- congress
  • News18
  • Last Updated: March 19, 2019, 6:33 PM IST
  • Share this:
കേരളത്തിൽ 11 മണ്ഡലങ്ങളിലാണ് പ്രധാന എതിരാളികളായ കോൺഗ്രസും സിപിഎമ്മും നേർക്കുനേർ വരുന്നത്. ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കൈപ്പത്തിയും അരിവാൾ ചുറ്റികനക്ഷത്രവും ഏറ്റുമുട്ടുന്നത്. ഇതിൽ അഞ്ചെണ്ണം കോൺഗ്രസിന്‍റെയും ആറെണ്ണം സിപിഎമ്മിന്‍റെയും സിറ്റിങ് സീറ്റുകൾ. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വടകര എന്നിവ യുഡിഎഫിന്‍റെയും ആറ്റിങ്ങൽ, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവ എൽഡിഎഫിന്‍റെയും കൈവശമാണ്.

ശ്രദ്ധാകേന്ദ്രം വടകരയും എറണാകുളവും

കോൺഗ്രസ്-സിപിഎം പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം വടകരയാണ്. മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ എത്തിയതോടെ വടകരയിലെ തെരഞ്ഞെടുപ്പ് രംഗം മാറി. നേരത്തെ സ്ഥാനാർത്ഥിയെ ഇറക്കി ഇടതുമുന്നണി പ്രചാരണത്തിൽ മുന്നേറിയെങ്കിലും കെ. മുരളീധരന്‍റെ വരവ് കോൺഗ്രസിനാകെ ആവേശമായി. എറണാകുളത്തും ഗ്ലാമർ പോരാട്ടമാണ്. കരുത്തരായ പി. രാജീവും ഹൈബി ഈഡനും വന്നതോടെ മത്സരം കടുക്കും. യുഡിഎഫ് കുത്തക തകർക്കാനാണ് സിപിഎം രാജീവിനെ നിയോഗിച്ചത്. എന്നാൽ കോൺഗ്രസ് ഹൈബി ഈഡനെ രംഗത്തിറക്കിയതോടെ പോരാട്ടം തീപാറും.

ആറ്റിങ്ങലിലും ആലത്തൂരും പാലക്കാട്ടും സിപിഎം വിയർക്കുമോ?

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സിപിഎം വിജയം ആവർത്തിക്കുന്ന മണ്ഡലങ്ങളാണ് ആറ്റിങ്ങലിലും ആലത്തൂരും പാലക്കാടും. എന്നാൽ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിക്കിയിരിക്കുകയാണ് കോൺഗ്രസ്. മുൻ മന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശാണ് ആറ്റിങ്ങലിൽ സമ്പത്തിന്‍റെ എതിരാളി. ആലത്തൂരിൽ രമ്യാ ഹരിദാസിന്‍റെ വരവോടെ പി.കെ ബിജുവിന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ഉറപ്പായി. പാലക്കാട്ട് എം.ബി രാജേഷും പി.കെ. ശ്രീകണ്ഠനും തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്.

ആലപ്പുഴയും കോഴിക്കോടും പത്തനംതിട്ടയിലും തീപാറും പോരാട്ടം

യുഡിഎഫ് തുടർച്ചയായി ജയിക്കുന്ന ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിലും കടുത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പായി. മൂന്നിടത്തും എം.എൽ.എമാരെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ആലപ്പുഴയിൽ എ.എം ആരിഫും പത്തനംതിട്ടയിൽ വീണ ജോർജും കോഴിക്കോട്ട് എ. പ്രദീപ് കുമാറുമാണ് സി.പി.എം സ്ഥാനാർത്ഥികൾ. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും പത്തനംതിട്ടയിലും കോഴിക്കോട്ടും സിറ്റിങ് എംപിമാരായ ആന്‍റോ ആന്‍റണിയും എം.കെ. രാഘവനുമാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.

കാസർകോടും കണ്ണൂരും ചാലക്കുടിയും വാശിയേറിയ പോരാട്ടം

മൂന്നും ഇടതുമുന്നണിയുടെ മണ്ഡലങ്ങൾ. കാസർകോട്ട് ഒരിടവേളയ്ക്കുശേഷം പി. കരുണാകരൻ മത്സരിക്കാത്ത തെരഞ്ഞെടുപ്പാണിത്. കെ.പി. സതീഷ് ചന്ദ്രനെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താനാണ് എതിരാളി. കണ്ണൂരിൽ ഇത്തവണയും പി.കെ. ശ്രീമതി-കെ. സുധാകരൻ പോരാട്ടമാണ്. ചാലക്കുടിയിൽ ഇത്തവണ സിപിഎം ചിഹ്നത്തിലാണ് ഇന്നസെന്‍റിന്‍റെ മത്സരം. എതിരിടാനെത്തുന്നത് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ.

ഇടുക്കിയിൽ പോരാട്ടം കോൺഗ്രസുമായിട്ടാണെങ്കിലും സിപിഎം ചിഹ്നത്തിലല്ല മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി ജോയിസ് ജോർജിനെയാണ് കളത്തിലിറക്കുന്നത്. ഡീൻ കുര്യാക്കോസാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കണ്ണൂരിലേത് പോലെ ഇടുക്കിയിലും 2014ലെ സ്ഥാനാർത്ഥികൾ തമ്മിലാണ് ഇത്തവണയും പോരാട്ടം.
First published: March 19, 2019, 6:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading