കൊച്ചി: ദുനിയാവ് ഉള്ളിടത്തോളം കാലം കേരളം സിപിഎം (CPM) ഭരിക്കുമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ (AK Balan). പാർട്ടിയിൽ ഇപ്പോൾ വിഭാഗീയത ഇല്ലെന്നും ഐക്യം ശക്തിപ്പെട്ടതുകൊണ്ടാണ് അത് ഇല്ലാതായതെന്നും ബാലൻ പറഞ്ഞു. പിണറായി വിജയൻ ഔട്ട്സ്റ്റാൻഡിങ് മുഖ്യമന്ത്രിയാണ് എന്നും ബാലന്‍ കൂട്ടിച്ചേർത്തു. എന്നാൽ പിണറായിയെ പ്രതീകമാക്കാനില്ല. തെറ്റു പറ്റിയാൽ നാളെ അദ്ദേഹവും പാർട്ടിക്കു പുറത്തുപോകുമെന്ന് ബാലൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബാലൻ ഇക്കാര്യം പറഞ്ഞത്.
പാർട്ടിയിലെ വിഭാഗീയത പൂർണമായും ഇല്ലാതാക്കാനായി. വിഭാഗീയതയ്ക്ക് നേരത്തെ ഏകീകരിച്ച രൂപം ഉണ്ടായിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വിഭാഗീയത ഉണ്ടെന്നും അതിൽ പാർട്ടിക്ക് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ ഐക്യം ശക്തപ്പെട്ടതുകൊണ്ടാണ് വിഭാഗീയത ഇല്ലാതായതെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞങ്ങളെ ഇല്ലാതാക്കിയാലും കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കേരളം ഭരിക്കാൻ പോകുന്നത്. അതിനു പറ്റുന്ന നയരേഖയായിരിക്കും ഞങ്ങൾ അവതരിപ്പിക്കുക. മൊത്തം ജനങ്ങളുടെ പാർട്ടിയായി സിപിഎമ്മിനെ ജനങ്ങൾ മാറ്റും. ദുനിയാവ് ഉള്ളിടത്തോളം കാലം ഞങ്ങളായിരിക്കും ഭരിക്കുക." - ബാലൻ പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ചുള്ള ബാലന്റെ വാക്കുകൾ ഇങ്ങനെ- 'പിണറായിയെ പ്രതീകമാക്കാനില്ല. നാളെ അദ്ദേഹത്തിന് തെറ്റുപറ്റിയാൽ അദ്ദേഹവും പാർട്ടിയിൽ നിന്ന് പുറത്തുപോകും. വ്യക്തിപരമായ ഉത്തരവാദിത്വം വലുതാണ്. അത് നിർവഹിക്കുന്നതിൽ ഔട്ട്സ്റ്റാൻഡിങ് ആണ് പിണറായി. അദ്ദേഹത്തിന്റെ സംഭാവന മൗലികമാണ്. മറ്റുള്ള മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹം പിന്നിലല്ല.'
പാർട്ടിയിൽ വിഭാഗീതയ പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. 'വിഭാഗീയതയ്ക്ക് പണ്ട് ഏകീകരിച്ച രൂപമുണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ഉണ്ട്. അതിൽ പാർട്ടിക്ക് ബുദ്ധിമുട്ടില്ല. പാർട്ടിക്കുള്ളിലെ ഐക്യം ശക്തിപ്പെട്ടതു കൊണ്ടാണ് വിഭാഗീയത ഇല്ലാതായത്. ജനാധിപത്യത്തിന്റെ മൂർധന്യാവസ്ഥയാണ് ഉൾപ്പാർട്ടി ജനാധിപത്യം.'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് തുടക്കമായി. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ രൂപത്തിൽ ഒരുക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്. വിദേശത്തു നിന്നും ഇന്ത്യയിൽ നിന്നുമുള്ള അൻപതോളം നിരീക്ഷകര്‍ സമ്മേളനത്തിലുണ്ടാകും. 400ഓളം പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിപിഎം പ്രവര്‍ത്തനം റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിസ്റ്റുകാരെ ഉൻമൂലനം ചെയ്യലാണ് സംഘ പരിവാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന അട്ടിമറിക്കാനാണ് ബിജെപിയും കേന്ദ്ര സർക്കാരും സംഘടിതമായി ശ്രമിക്കുന്നത്. ഇത് കാരണം പാർലമെന്റിന്റേയും കോടതിയുടേയും സ്വാതന്ത്ര്യമാണ് ഇല്ലാതാവുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനേയും നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AK Balan, Cpm, Pinarayi vijayan