• HOME
  • »
  • NEWS
  • »
  • kerala
  • »
  • Karipur tragedy | കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം മാറ്റാൻ നടപടി തുടങ്ങി

Karipur tragedy | കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം മാറ്റാൻ നടപടി തുടങ്ങി

മൂന്നു മാസമായി ഈ വിമാനം അപകടം നടന്ന സ്ഥലത്ത് അതേപടി കിടക്കുകയാണ്

അപകടത്തിൽപ്പെട്ട വിമാനം

അപകടത്തിൽപ്പെട്ട വിമാനം

  • Share this:
    കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനം അപകട സ്ഥലത്തുനിന്നും നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചെന്നൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം ഇതിനായി കരിപ്പൂരിലെത്തി. രാമനാട്ടുകരയിലെ ഗ്രാന്റ എൻറർപ്രൈസസ്  ഉടമ പി. എ. സലീമാണ് വിമാനം അപകട സ്ഥലത്തുനിന്ന് സുരക്ഷിതമായി മറ്റൊരിടത്തേക്ക് ക്രെയിന്‍ ഉപയോഗിച്ച് മാറ്റാനുള്ള കരാര്‍ എടുത്തിരിക്കുന്നത്.

    ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബായിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം കരിപ്പൂർ റൺവേയിൽ നിന്ന് തെന്നിവീണ് അപകടത്തിൽപ്പെട്ട് മൂന്നായി പിളർന്നത്. മൂന്നു മാസമായി ഈ വിമാനം അപകടം നടന്ന സ്ഥലത്ത് അതേപടി കിടക്കുകയാണ്. ഇപ്പോൾ അത് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു. ഇതിനായി ക്രെയിനുകളും ട്രെയ്‌ലറുകളും കരിപ്പൂരിലെ അപകട സ്ഥലത്തെത്തി.

    വിമാനം മാറ്റുന്നതിന് ഒരു കോടി രൂപയിൽ കൂടുതൽ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അപകടമുണ്ടായ സ്ഥലത്ത് നിന്നും 500 മീറ്റര്‍ അപ്പുറത്തേക്ക് എയര്‍പോര്‍ട്ടിന്റെ ഭാഗമായുള്ള കേന്ദ്ര സുരക്ഷാ സേനയുടെ ബാരിക്കേഡിന് സമീപത്തേക്കാണ് വിമാനം മാറ്റുക. ഇവിടെ വിമാനം പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ കോണ്‍ക്രിറ്റ് പ്രതലം ഒരുക്കിയിട്ടുണ്ട്.



    പാറയുള്ള ഈ സ്ഥലം നിരപ്പാക്കി കോണ്‍ക്രിറ്റ് ചെയ്യാന്‍ മാത്രം അരക്കോടിയോളം രൂപ ചെലവ് വന്നിട്ടുണ്ട്. വിമാനം ഇങ്ങോട്ട് മാറ്റിയാല്‍  മേല്‍ക്കൂരയും പണിയേണ്ടി വരും. 48 ടണ്‍ ഭാരമുള്ള വിമാനം ക്രെയിനുകളുടെ സഹായത്തോടെയാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്.  വിമാനത്തിന്റെ ചിറകുകളും മറ്റു ഭാഗങ്ങളും അഴിച്ചെടുത്ത് ക്രെയിനും ട്രെയ്‌ലറുകളും ഉപയോഗിച്ച് പുതിയ പാര്‍ക്കിങ് സ്ഥലത്ത് എത്തിച്ച് പിന്നീട് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുക.

    നേരത്തെ ചക്രങ്ങളും ചിറകുകളും വേര്‍പ്പെടുത്താതെ കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചത്. പക്ഷെ അത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഓരോ ഭാഗങ്ങളായി അഴിച്ചെടുത്തുകൊണ്ട് പോകാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

    മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന വിമാനത്തിന്റെ മുന്‍വശത്തെയും പിറകുവശത്തെയും ചിറകുകളും ചക്രങ്ങളും അഴിച്ചെടുത്ത് ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തി ട്രെയ്‌ലറില്‍ കൊണ്ട് പോകാനാണ് ഉദ്ദേശം. ഇത്തരത്തില്‍ അപകട സ്ഥലത്ത് നിന്നും വിമാനം പൂര്‍ണ്ണമായും പുതിയ സ്ഥലത്തേക്ക് എത്തിക്കാന്‍ 10 ദിവസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടല്‍. അപകടത്തിന്റെ തുടരന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ വിമാനം ഇനിയും ഏറെ നാള്‍ കരിപ്പൂരില്‍ തന്നെ നിര്‍ത്തേണ്ടി വരുമെന്നതിനാലാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്.
    Published by:user_57
    First published: