കണ്ണൂർ: എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമം. പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി ഐ മധുസൂദനന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്.
ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിനു ശേഷമാണ് പലർക്കും വ്യാജ അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള സന്ദേശം നൽകിയത്. സന്ദേശം ലഭിച്ചപ്പോൾ സംശയം തോന്നിയ ചില സുഹൃത്തുക്കൾ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ശ്രമം പുറത്തായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ടി ഐ മധുസൂദനൻ പരാതി നൽകിയിട്ടുണ്ട്. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചപ്പോൾ പലരും എന്നെ ഫോണിൽ വിളിച്ചു. അവരോട് പണം ആവശ്യമില്ലന്ന് പറഞ്ഞു. വ്യാജ അക്കൗണ്ടിനെക്കുറിച്ച് ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. വിദേശത്തുള്ള പലർക്കും വ്യാജ അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം പോയിട്ടുണ്ട്.' - ടി ഐ മധുസൂദനൻ ന്യൂസ് 18നോട് പറഞ്ഞു.
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത് എന്ന് ടി ഐ മധുസൂദനൻ സുഹൃത്തുക്കളെയും പരിചയക്കാരെയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു. കഴിഞ്ഞിടെ പയ്യന്നൂരിന് സമീപപ്രദേശങ്ങളിൽ ഉള്ള ചിലരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയതായി പരാതി ഉയർന്നിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.