കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെ ഒന്നാം പ്രതിയായി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർഗോഡ് ജില്ല കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. കേസിൽ കെ സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരാണ് പ്രതികൾ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കുറ്റപത്രം.
Also Read- കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ഏലക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം നിർത്തിവെക്കാൻ ഹൈക്കോടതി
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രനെതിരെ പട്ടികജാതി/ പട്ടിക വർഗ്ഗ അതിക്രമം തടയൽ ഉൾപ്പടെയുള്ള ജാമ്യമില്ല വകുപ്പ് ചുമത്തിയിയാണ് കുറ്റപത്രം സമർപ്പിച്ചത്. സുരേന്ദ്രനു പുറമെ മഞ്ചേശ്വരത്തെ ബി ജെ പി യുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡ്വ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച സംസ്ഥാന നേതാവായിരുന്ന സുനില്നായ്ക്ക്,വൈ.സുരേഷ്, മണികണ്ഠ റായ്, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികള്‍.
കേസിലെ പ്രധാന തെളിവായ സുരേന്ദ്രൻ ഉപയോഗിച്ച സ്മാർട്ട്ഫോൺ കണ്ടെടുക്കാൻ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും ഫോൺ നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിനാണ് അന്വേഷണ ചുമതല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.