• HOME
 • »
 • NEWS
 • »
 • kerala
 • »
 • തെളിവില്ല; കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളി ക്രൈംബ്രാഞ്ച്

തെളിവില്ല; കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളി ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ എസ്.പി, എൻ. അബ്ദുൽ റഷീദ് സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതിന്റെ തലേദിവസമാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തത്.

കേരള സർവകലാശാല

കേരള സർവകലാശാല

 • Share this:
  തിരുവനന്തപുരം : കേരള സര്‍വകലാശാലയിൽ വിവാദമായ അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വൈസ് ചാൻസിലറും  രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് കേസിലെ പ്രതികള്‍. തെളിവില്ലെന്നും അതിനാൽ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചെന്നും എഴുതിത്തള്ളുകയാണെന്നും കാണിച്ചാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

  2008 ലാണ് അസിസ്റ്റൻറ് നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കേസ് ഫയൽ ചെയ്തത്. കേസ് എഴുതിത്തള്ളണമെന്ന റിപ്പോർട്ട് കോവിഡ് കാലത്ത് അതീവ രഹസ്യമായാണ് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയതെന്നും ആരോപണമുയർന്നിട്ടുണ്ട്.

  നിയമന അഴിമതിക്കെതിരെ പരാതി നൽകിയിരുന്ന മുൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗവും നിലവിൽ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുജിത്ത്. എസ്. കുറുപ്പിൻറെ മൊഴി പോലും രേഖപ്പെടുത്താതെ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ എസ്.പി, എൻ. അബ്ദുൽ റഷീദ് സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതിന്റെ തലേദിവസമാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തത്.

  ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്കുകൾ. രേഖപ്പെടുത്തിയ കമ്പ്യൂട്ടർ കാണാതാക്കിയും സ്വന്തക്കാർക്കും സിപിഎം ബന്ധു ജനങ്ങൾക്കും അസിസ്റ്റൻറ് നിയമനം നൽകാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേരള മുൻ വൈസ് ചാൻസലർ ഡോ:എം.കെ രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ: വി.ജയപ്രകാശ്, രജിസ്ട്രാർ കെ.എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതാക്കളുമായ എ.എ. റഷീദ്, എം.പി. റസൽ, കെ.എ.ആൻഡ്രൂ, പരേതനായ ബി. എസ്. രാജീവ് എന്നിവരെ പ്രതികളാക്കി 2014ൽ യുഡിഎഫ് സർക്കാരിൻറെ കാലത്ത് കുറ്റപത്രം തയ്യാറാക്കി വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നു . ഈ നടപടി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിജിലൻസ് കോടതിയിലെ വിചാരണ നിർത്തിവച്ചു.

  നിലവിലെ പ്രതികളോടൊപ്പം ജോലി ലഭിച്ച എല്ലാ പേരെയും പ്രതികളാക്കണമെന്നും ഒഎംആർ നഷ്ടപ്പെട്ടതിനു ഉത്തരവാദികളെ കണ്ടെത്തണമെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും ജസ്റ്റിസ് കമാൽ പാഷ 2016 സെപ്റ്റംബറിൽ ഉത്തരവ് പുറപ്പെടുവിച്ചു.
  ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാൻ സർക്കാർ ശ്രമിച്ചെങ്കിലും നിയമോപദേശം അനുകൂലമല്ലാത്തതിനാൽ ആ നീക്കം ഉപേക്ഷിച്ചു. തുടർന്നാണ് ക്രൈം ബ്രാഞ്ച്, കേസ് എഴുതിത്തള്ളാൻ തീരുമാനം കൈകൊണ്ടത്.

  2008 ലാണ് വിവാദ അസിസ്റ്റന്റ് നിയമനം കേരള സർവകലാശാലയിൽ നടന്നത്. നിയമനങ്ങളിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സെനറ്റ് അംഗമായിരുന്ന സുജിത് എസ്. കുറുപ്പ് ലോകായുക്തയിൽ പരാതി ഫയൽ നൽകി. ഉത്തരകടലാസ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്തോടെ നിയമന തിരിമറി പുറത്തായി. നിയമനത്തിൽ  അഴിമതിയും നടന്നെന്നും ഉത്തരവാദികൾക്കെതെരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും, റാങ്ക് പട്ടിക റദ്ദാക്കണമെന്നും ലോകായുക്ത ജസ്റ്റിസ് എൻ.കൃഷ്ണൻ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരൻ കമ്മിഷനും, ലോകായുക്ത ജസ്റ്റിസ് ജി.ശശിധരനും വെവ്വേറെ വിധിച്ചിരുന്നു. ഈ  റിപ്പോർട്ടനുസരിച്ച് പ്രോസിക്യൂഷൻ നടപടിസ്വീകരിക്കാനും, യൂണിവേഴ്സിറ്റി അനധ്യാപക നിയമങ്ങൾ പി.എസ്.സിക്ക് വിടാനും യു.ഡി.എഫ് സർക്കാർ തീരുമാനിച്ചു. എന്നാൽ  മാനുഷിക പരിഗണയിൽ നിയമനങ്ങൾ സാധൂകരിക്കാൻ കോടതി  ഉത്തരവിട്ടു. വിധിക്കെതിരായ അപ്പീൽ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗനണയിലാണ്. ഇതിനിടയിലാണ് തെളിവില്ലെന്നു കാട്ടി കേസ് എഴുതിത്തള്ളുന്നത്.
  Published by:Aneesh Anirudhan
  First published: