കൊച്ചി: സിപിഎം പ്രാദേശിക നേതാക്കൾ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 73 ലക്ഷം രൂപ ഫണ്ടിൽ നിന്നും തിരിമറി നടത്തിയെന്ന എ ഡി എമ്മിന്‍റെ പരാതിയിലാണ് പുതിയ കേസ്. ദുരിതാശ്വാസ തട്ടിപ്പിൽ നഷ്ടമായത് 1,00,86,600 രൂപയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
എറണാകുളം കളക്ട്രേറ്റിലെ ആഭ്യന്തര പരിശോധനയിലാണ് പുതിയ തട്ടിപ്പ് കണ്ടെത്തിയത്. ആദ്യ കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് പുതിയ കേസ്. 27 ലക്ഷം രൂപ മാത്രമാണ് പ്രതികൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി തുക കളക്ട്രേറ്റിലെ സെക്ഷനിൽ നിന്നും നേരിട്ട് പണമായി തട്ടിയെടുക്കുകയായിരുന്നു. 70 ലക്ഷത്തിലധികം രൂപയുടെ വ്യാജ രസീതുകൾ വഴിയാണ് തുക തട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ് പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകൾ കളക്ട്രേറ്റിൽ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു.
കേരള ഫിനാൻഷ്യൽ കോഡിലെയും കേരള ട്രഷറി കോഡിലെയും വ്യവസ്ഥകളൊന്നും കളക്ടറേറ്റ് ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തപ്പോൾ പാലിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. മാസ്റ്റർ ഡേറ്റ രജിസ്റ്റർ, അലോട്ട്മെൻറ് രജിസ്റ്റർ, ചെക്ക് ബുക്ക് സ്റ്റോക്ക് രജിസ്റ്റർ, ക്യാഷ് രജിസ്റ്റർ, സെക്യൂരിറ്റി രജിസ്റ്റർ, ചെക്ക് ഇഷ്യു രജിസ്റ്റർ ഇവയൊന്നുംകളക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: നഷ്ടമായത് ഒരു കോടിയിലധികം രൂപ
ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്കിയത്. ഇതിലാണ് കളക്ട്രേറ്റിലെ ജൂനിയർ സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ ഒപ്പുവെച്ചത്. നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം കളക്ടർ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.
TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj | കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
പ്രളയ തട്ടിപ്പ് വിവാദത്തിന്റെ മുഖ്യ സൂത്രധാരൻ കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണപ്രസാദ് ആണെങ്കിലും തൃക്കാക്കരയിലെ പ്രാദേശിക സി പി എം നേതാക്കൾ കേസിൽ പ്രതികളാണ്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൗറത്ത്, എൻഎൻ നിതിൻ, നിതിന്‍റെ ഭാര്യ ഷിന്‍റു എന്നിവർ. കേസിൽ പ്രധാന പ്രതികളാണ്. ഇവരെ പിന്നീട് സിപിഎമ്മിൽനിന്ന് പുറത്താക്കി. പാർട്ടി നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡംഗം വരെ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime branch, Flood relief fund, Flood relief fund scam, Kerala police