• HOME
 • »
 • NEWS
 • »
 • kerala
 • »
 • കിളികൊല്ലൂർ കസ്റ്റഡി മർദ്ദനം: പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; സിസിടിവി ദൃശ്യം പ്രചരിപ്പിച്ചതിലും അന്വേഷണം

കിളികൊല്ലൂർ കസ്റ്റഡി മർദ്ദനം: പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; സിസിടിവി ദൃശ്യം പ്രചരിപ്പിച്ചതിലും അന്വേഷണം

പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി, സംഭവദിവസം സ്റ്റേഷനുള്ളിൽ നടന്നതെല്ലാം ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു

 • Share this:
  കൊല്ലം: കിളികൊല്ലൂരിൽ സഹോദരങ്ങളെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ ക്രൈംബ്രാഞ്ച്. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. സംഭവദിവസം സ്റ്റേഷനുള്ളിൽ നടന്നതെല്ലാം ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ നിയമോപദേശം തേടാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

  ഒമ്പത് പൊലീസുകാർക്കെതിരെയാണ് വിഘ്നേഷ് മൊഴി നൽകിയത്. എന്നാൽ ഇത്രയും പേർക്കെതിരെ കേസെടുക്കാനാകുമോയെന്ന കാര്യത്തിലും ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നുണ്ട്. കിളികൊല്ലൂർ സ്റ്റേഷനിൽ സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാരിൽനിന്നും ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.

  അതേസമയം സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ് നീക്കം തുടങ്ങി. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം.

  പൊലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ ലഭിക്കു എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്തു വിട്ടത് അന്വേഷിക്കും. കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എസ്. ഐ അനീഷ് വാട്സാആപ്പ് വഴി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും അന്വേഷിക്കും.

  അതേസമയം കിളികൊല്ലൂർ ലോക്കപ്പ് മർദനത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പൊലീസുകാരുടെ മർദ്ദനമേറ്റ സൈനികൻ വിഷ്ണുവിന്‍റെ കുടുംബം പ്രതിരോധ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. മദ്രാസ് റെജിമെന്‍റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു. വിഷ്മുവിന്‍റെ കുടുംബത്തിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുന്നത്. സംഭവത്തിൽ വിമുക്തഭടൻമാർ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തുന്നത് പൊലീസിന് കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

  സൈനികനാണെന്ന് അറിയിച്ചിട്ടും പോലീസ് തല്ലിചതച്ചത് കേന്ദ്ര പ്രതിരോധ വകുപ്പ് അതീവ ഗൗരവകരമായാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ ഇതിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഒരു സൈനികനെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളിൽ പോലീസ് വീഴ്ച വരുത്തി. സംഭവത്തെക്കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് തന്നെ സൈനിക ഉദ്യോഗസ്ഥരോട് വിശദീകരിക്കേണ്ടിവരും.

  Also Read-കൊല്ലം കിളികൊല്ലൂരില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

  അതേസമയം കിളികൊല്ലൂർ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് പൊലീസിന് തന്നെ തിരിച്ചടിയായി. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തര്‍ക്കത്തിനിടെ എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്‍റെ മുഖത്ത് കൈവീശി അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

  മുഖത്ത് അടിയേറ്റ സൈനികൻ എസ്ഐയെ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടിപിടിക്കിടെ ഇരുവരും നിലത്ത് വീഴുകയും ചെയ്യുന്നുണ്ട്. ഭാഗിക ദൃശ്യങ്ങളാണ് പുറത്തുവന്നു. സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കിയതും പൊലീസ് സ്റ്റേഷനുള്ളിൽ മർദിച്ചതും വിവാദമായതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

  എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. ഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.
  Published by:Anuraj GR
  First published: