കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. എസ്.പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം. റിമാന്റിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കും. പീതാംബരന് ഉള്‍പ്പെടെ രണ്ടു പ്രതികള്‍ പോലീസ് കസ്റ്റഡിയിലും അഞ്ചുപേര്‍ റിമാന്റിലുമാണ്.
സംഭവത്തില്‍ നാല്പതോളം പേര്‍ക്ക് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. അതേസമയം കേസ് സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസിന് പുറമെ ബിജെപിയും ആവശ്യപ്പെട്ടു. സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാന്‍ ഇരട്ടക്കൊല പ്രചാരണായുധമാക്കാനാണ് ഇരുപാര്‍ട്ടികളുടെയും നീക്കം.
Also Read: ഇരട്ടക്കൊല സിബിഐ അന്വേഷിക്കണം: ശ്രീധരന്‍പിള്ള
ഈ വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിനു പിന്നാലെ ബിജെപിയും തീരുമാനിച്ചിട്ടുള്ളത്. ശബരിമല യുവതീ പ്രവേശന വിഷയത്തിനൊപ്പം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ബിജെപി ഉയര്‍ത്തിക്കാട്ടും. ഇരട്ടക്കൊല കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് കടക്കുമ്പോള്‍ തന്നെയാണ് ബിജെപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വിഷയം തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വ്യക്തമാക്കി.
സുരേഷ്ഗോപിക്ക് പിന്നാലെ ബിജെപി നേതാക്കളും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിക്കുന്നു. കൊലവിളി പ്രസംഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.