• HOME
 • »
 • NEWS
 • »
 • kerala
 • »
 • പാനൂർ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

പാനൂർ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്.

രതീഷ്

രതീഷ്

 • Share this:
  കണ്ണൂർ: പാനൂരിലെ മസ്ലീംലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊലക്കേസിലെ പ്രതി പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷികും. ക്രൈംബ്രാഞ്ച്  ഡി.വൈ.എസ്.പി ഷാജി ജോസിനാണ് അന്വേഷണച്ചുമതല. വടകര റൂറല്‍ എസ്പി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. ഡോക്ടര്‍മാരുമായി പൊലീസ് സംഘം മരണം നടന്ന സ്ഥലത്തും പരിശോധന നടത്തി. കശുമാവിന്‍ തോട്ടത്തിലും അന്വേഷണസംഘം പരിശോധന നടത്തി.

  മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ.  രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്.

  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനു പിന്നാലെ വടകര റൂറല്‍ എസ് പി മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് വടകര റൂറല്‍ എസ്.പി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തിയത്.

  Also Read ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ ഒപ്പിട്ടു, രേഖകൾ പുറത്ത്

  രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്.പിയുടെ സന്ദര്‍ശനം ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം വർദ്ധിപ്പിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും. മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം ഇന്ന് വിശദ പരിശോധനക്കായി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട് എത്തും. ഏപ്രില്‍ ഒന്‍പതിനാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു.
   കുറ്റാരോപിതനായ കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക്കത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതിയാണ് രതീഷ്.

  കോഴിക്കോട് ചെക്യാടിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം രതീഷിന്റെ വീട്ടില്‍ എത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ രതീഷിന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.


  Also Read-  'സി.പി.എം സമ്മര്‍ദ്ദത്തിലാകുന്ന കേസുകളിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും'

  മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് ചൂണ്ടിക്കാട്ടി റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 25 അംഗ സംഘമാണെന്നും, ഒന്നു മുതല്‍ 11 പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

  ബോംബ് എറിഞ്ഞു വീഴ്ത്തിയ ശേഷം മന്‍സൂറിനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനാലു പേര്‍ക്കും കൊലപാതകലവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം രക്തം വാര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പാനൂര്‍ മേഖല ഡിവൈഎഫ്‌ഐ ട്രഷറര്‍ സുഹൈല്‍ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവിലാണ്.

  ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് ശ്രമിക്കുന്നതിനോടൊപ്പം തന്നെ പ്രദേശത്തെ സിസിടിവി കാമറകള്‍ നിരീക്ഷിച്ച് മുഴുവന്‍ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമവും നടത്തുന്നുണ്ട്. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ്.
  Published by:Aneesh Anirudhan
  First published: