മഴയും മണ്ണിടിച്ചിലും; ദുരിതം തുടരുന്നതിനിടെ സ്കൂളുകളില്‍ NSS സഹവാസ ക്യാമ്പ്; ഉത്തരവിനെതിരെ വിമർശനം
മഴയും മണ്ണിടിച്ചിലും; ദുരിതം തുടരുന്നതിനിടെ സ്കൂളുകളില്‍ NSS സഹവാസ ക്യാമ്പ്; ഉത്തരവിനെതിരെ വിമർശനം
സ്കൂളുകളില്‍ ഓഗസ്റ്റ് 12 മുതൽ 18വരെ സപ്തദിന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നാണ് ഉത്തരവ്
Last Updated :
Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും മണ്ണിടിച്ചിലുംമൂലമുള്ള ദുരിതം തുടരുന്നതിനിടെ സ്കൂളുകളിൽ ഒരാഴ്ചത്തെ എൻഎസ്എസ് (National Service Scheme) സഹവാസ ക്യാമ്പ് നടത്തണമെന്ന സർക്കാർ ഉത്തരവിനെതിരെ അതൃപ്തി ശക്തം. സ്കൂളുകളില്‍ ഓഗസ്റ്റ് 12 മുതൽ 18വരെ സപ്തദിന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നാണ് ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
മഴക്കെടുതി രൂക്ഷമായ മധ്യകേരളത്തിൽ അടക്കം പലയിടങ്ങളിലും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകിച്ച്, മലയോര പ്രദേശങ്ങളിലെ സ്കൂളുകളില്‍. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് പലയിടങ്ങളിൽ നിന്നും ആളുകളെ സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദികളുടെ തീരത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നാളെ മുതൽ മഴ ശക്തമാകാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ മലയോര മേഖലയിലെ സ്കൂളുകളിൽ അടക്കം എൻഎസ്എസ് ക്യാമ്പുകൾ എങ്ങനെ സംഘടിപ്പിക്കാനാകുമെന്ന ചോദ്യമാണ് അധ്യാപകർ ഉയർത്തുന്നത്.
ഈ മാസം 12 മുതൽ 18 വരെ ക്യാമ്പ് നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിനുള്ള ഉത്തരവ് ഇറങ്ങിയതാകട്ടെ അഞ്ചാം തീയതിയും. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ക്യാമ്പ് സംഘടിപ്പിക്കുക, പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തിൽ പ്രയാസകരമാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ഈ ദിവസങ്ങൾക്കിടയ്ക്ക് രണ്ടോ മൂന്നോ പ്രവൃത്തിദിനവും വരുന്നുണ്ട്. ഹൈസ്കൂളുകളിൽ ക്ലാസ് നടക്കുമ്പോൾ സ്കൂളുകളിലെ കഞ്ഞിപ്പുര ക്യാമ്പ് ആവശ്യത്തിനായി ഈ ദിവസങ്ങളിൽ ഉപയോഗിക്കേണ്ടിവരുന്നതും ബുദ്ധിമുട്ടുണ്ടാക്കും. ഈ മഴക്കാലത്ത് വേണ്ടത്ര സംവിധാനമില്ലാതെ കുട്ടികളെ സ്കൂളുകളിൽ താമസിപ്പിക്കുന്നത് പകർച്ചപ്പനി അടക്കമുള്ളവയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനു പുറമെ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള ഫണ്ടിന് സ്പോൺസർമാരെ കണ്ടെത്തേണ്ടതുമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതും പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ ഈ സമയത്ത് ക്യാമ്പ് സംഘടിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.