• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അന്ന് ഡൽഹി നായർ; ഇന്ന് താക്കോൽ സ്ഥാനം'; ശശി തരൂര്‍ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും

'അന്ന് ഡൽഹി നായർ; ഇന്ന് താക്കോൽ സ്ഥാനം'; ശശി തരൂര്‍ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും

ഏറെക്കാലമായി നില നിന്നിരുന്ന അകലം അവസാനിപ്പിച്ചുകൊണ്ടാണ് ശശി തരൂരിനെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്നയിലേക്ക് ക്ഷണിച്ചത്

  • Share this:

    നായർ സർവീസ് സൊസൈറ്റി (എന്‍എസ്എസ്) സ്ഥാപകനേതാവ്‍ മന്നത്തു പത്മനാഭന്റെ 146-ാം ജയന്തി ആഘോഷം ഇന്ന് പെരുന്നയിൽ നടക്കും. ആഘോഷങ്ങളുടെ ഭാഗമായുള്ള മന്നം ജയന്തി പൊതുസമ്മേളനം കോൺഗ്രസ് നേതാവ് ശശി തരൂർ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് രാഷ്ട്രീയത്തിലടക്കം നിർണായകമായ നീക്കങ്ങൾക്കാണ് ഇതോടെ എൻഎസ്എസ് ആസ്ഥാനം വേദിയാകുക.

    2013ല്‍ എ.കെ ആന്‍റണിയെ മന്നം ജയന്തി സമ്മേളനത്തിന്‍റെ മുഖ്യാതിഥിയായി ക്ഷണിച്ചതിന് ശേഷം പിന്നീട് മുതിർന്ന കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതെ എൻഎസ്എസ് ശശി തരൂരിനെ ഉദ്ഘാടകനായി എത്തിക്കുന്നത് ശ്രദ്ധേയമാണ്. ഇത് രണ്ടാം തവണയാണ് തരൂര്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്.

    ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയത്ത് എത്തുന്നത്. കഴിഞ്ഞ തവണത്തെ സന്ദർശനത്തിനിടെ  കാഞ്ഞിരപ്പള്ളി,പാലാ ബിഷപ്പുമാരുമായി  അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

    ഏറെക്കാലമായി നിന്നിരുന്ന അകലം അവസാനിപ്പിച്ചുകൊണ്ടാണ് ശശി തരൂരിനെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്നയിലേക്ക് ക്ഷണിച്ചത്. 2009ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ശശി തരൂർ തിരുവനന്തപുരത്ത് ആദ്യമെത്തിയപ്പോൾ സുകുമാരൻ നായർ കടുത്ത വിമർശനമാണ് ഉയർത്തിയിരുന്നത്.

    ‘ഡൽഹി നായരാണ് തരൂർ’ എന്നാണ് അന്ന് എൻഎസ്എസ് വിശേഷിപ്പിച്ചത്. ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് നായർ ക്വാട്ടയിൽ ഉൾപ്പെടുത്തേണ്ട എന്നും സുകുമാരൻ നായർ അന്ന് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് മൂന്നു തവണ വിജയിച്ചിട്ടും തരൂരുമായി എൻഎസ്എസ് നേതൃത്വം കടുത്ത അകലം പാലിച്ചിരുന്നു.

    ഇതിനിടെയാണ് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചുകൊണ്ട് സുകുമാരൻ നായർ നിർണായക രാഷ്ട്രീയ നീക്കം നടത്തിയത്. സമകാലിക രാഷ്ട്രീയത്തിൽ ഇടപെടാനുള്ള എൻഎസ്എസിന്റെ നീക്കം കൂടിയാണ് ശശി തരൂരിന്റെ രംഗപ്രവേശം. മുസ്ലിംലീഗിനെ ഒപ്പം നിർത്തിയും, സഭകളുമായി അടുത്തും തരൂർ നീക്കം നടത്തുന്നതിൽ എൻഎസ്എസിന്റെ പിന്തുണയുണ്ട്.

    പാലക്കാട് തരൂർ കുടുംബാംഗമായ ശശി തരൂരിനെ
    നായർ സമുദായംഗം എന്നതിനപ്പുറം വിശ്വപൗരൻ എന്ന നിലയിലാണ് എൻഎസ്എസ് ആസ്ഥാനത്തേക്ക് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതെന്ന് സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്.

    സമീപകാലം വരെ രമേശ് ചെന്നിത്തലയായിരുന്നു എൻഎസ്എസിന് പ്രിയപ്പെട്ട കോൺഗ്രസ് നേതാവ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതും സുകുമാരൻ നായർ പരസ്യമായി ‘താക്കോൽ സ്ഥാനം’ ആവശ്യപ്പെട്ടതിനുശേഷമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തലയ്ക്കു പകരമെത്തിയ വി.ഡി സതീശനെ സുകുമാരൻ നായർ കടുത്ത ഭാഷയിലാണ്
    വിമർശിച്ചത്.

    Also Read-‘തെരഞ്ഞെടുപ്പിന് പിന്തുണ തേടി; ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു’; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍

    അതിനു ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ച തരൂരിനൊപ്പമാണ് എൻ എസ് എസ് എന്ന സന്ദേശമാണ് ജയന്തി സമ്മേളനത്തിലൂടെ നൽകുന്നത്.

    മന്നം ജയന്തി സമ്മേളനത്തിൽ ഉദ്ഘാടകനായി എത്താൻ കഴിയുന്നത് അഭിമാനം എന്നാണ് തരൂർ വിശേഷിപ്പിക്കുന്നത്. യുഡിഎഫ് നേതൃസ്ഥാനത്തേക്ക് എത്താൻ മുസ്ലിംലീഗ്- കേരള കോൺഗ്രസ്- എൻഎസ്എസ് ഒരുമയാണ് തരൂരിന്റെ മനസ്സിലുമുള്ളത്. ഇത് രണ്ടാം തവണയാണ് തരൂര്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്.

    രാവിലെ 10.45ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ശശി തരൂരും എൻ.എസ്.എസ് കൺവെൻഷൻ സെന്ററിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം സുകുമാരൻ നായരും ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മന്നം അനുസ്മരണവും ട്രഷറർ എൻ.വി അയ്യപ്പൻപ്പിള്ള നന്ദിയും പ്രകാശിപ്പിക്കും.

    .

    Published by:Arun krishna
    First published: