• HOME
  • »
  • NEWS
  • »
  • kerala
  • »
  • CSI BISHOP AND IMAM CALL FOR PEACE IN A JOINT PRESS CONFERENCE MM TV

'സർക്കാർ ചർച്ചക്ക് തയാറാകണം'; സമാധാനത്തിനായി CSI ബിഷപ്പും താഴത്തങ്ങാടി ഇമാമും സംയുക്ത വാർത്താസമ്മേളനത്തിൽ

കോട്ടയം സി.എസ്.ഐ. സഭാ ആസ്ഥാനത്താണ് മതനേതാക്കൾ ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്

താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം, ബിഷപ്പ് സാബു കോശി ചെറിയാൻ

താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം, ബിഷപ്പ് സാബു കോശി ചെറിയാൻ

  • Share this:
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ പ്രസ്താവനയ്ക്കു ശേഷം ആദ്യമായി മുസ്ലിം ക്രൈസ്തവ സംഘടനകളുടെ പ്രധാനപ്പെട്ട മതനേതാക്കൾ സംയുക്തമായി വാർത്താസമ്മേളനം നടത്തി. സമാധാനത്തിന് ആഹ്വാനം നൽകാനാണ് ഇരുകൂട്ടരും എത്തിയത്. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് സാബു കോശി ചെറിയാൻ, താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്. കോട്ടയം സി.എസ്.ഐ. സഭാ ആസ്ഥാനത്താണ് മതനേതാക്കൾ ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

തീർത്തും സമാധാനത്തിനു വേണ്ടിയുള്ള വാർത്താസമ്മേളനം മാത്രമാണ് എന്ന് പറഞ്ഞാണ് ഇരു മതനേതാക്കളും മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള എല്ലാ തെറ്റായ പ്രവണതകളെയും എതിർക്കേണ്ടതാണ് എന്ന് സി.എസ്.ഐ. സഭ ബിഷപ്പ് സാബു കോശി ചെറിയാൻ വ്യക്തമാക്കി. അത് മുസ്ലിം സമുദായത്തിൽ നിന്നായാലും ക്രിസ്ത്യൻ സമുദായത്തിൽ നിന്നായാലും ഹിന്ദു സമുദായത്തിൽ നിന്നായാലും എതിർക്കപ്പെടേണ്ടത് തന്നെയാണെന്ന് ബിഷപ്പ് വ്യക്തമാക്കി.

എന്നാൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയെ നേരിട്ട് തള്ളിക്കളയാൻ സിഎസ്ഐ സഭ തയ്യാറായില്ല. ഏറെ ശ്രദ്ധയോടെയുള്ള പ്രസ്താവനയാണ് ചോദ്യങ്ങൾക്ക് മറുപടിയായി ബിഷപ്പ് സാബു കോശി ചെറിയാൻ നടത്തിയത്.

പാലാ ബിഷപ്പിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല എന്ന് ബിഷപ്പ് സാബു കോശി ചെറിയാൻ പറഞ്ഞു. അക്കാര്യത്തിൽ സർക്കാർ ആണ് കാര്യങ്ങൾ കണ്ടെത്തേണ്ടത്. ബിഷപ്പിന്റെ ആരോപണങ്ങളിൽ സർക്കാർ പരിശോധന നടത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിന് ഇത് ഗുണമാകുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മറ്റൊരു സഭ എന്ന നിലയിൽ പാലാ ബിഷപ്പിന്റെ പരാമർശം ശെരിയോ തെറ്റോ എന്ന് പറയുന്നത് ശെരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ സമുദായത്തിലും ഉണ്ടാകും. തീവ്രവാദ നിലപാട് ഉള്ളവർ എല്ലാ സമൂഹത്തിലും ഉണ്ടാകും. നാട്ടിൽ സംഘർഷം ഉണ്ടാകാതെയിരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിന് വേണ്ടിയാണ് സംയുക്ത വർത്താ സമ്മേളനം എന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ  സർക്കാർ ചർച്ചക്ക് തയാർ ആകണം എന്നും ബിഷപ്പ് സാബു കോശി ചെറിയാൻ ആവശ്യപ്പെട്ടു. സംഭവങ്ങൾ പലരുടെയും മനസ്സിൽ വേദന ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഇരുവിഭാഗങ്ങളുടെയും പ്രതിനിധികളെ വിളിച്ച്‌ ചർച്ച വേണം എന്നും സി.എസ്.ഐ. സഭാ ബിഷപ്പ് ആവശ്യപ്പെട്ടു.

പാലായിൽ നടന്ന മുസ്ലിം സംഘടനകളുടെ പ്രകടനം ശരിയായില്ല എന്ന് താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം അഭിപ്രായപ്പെട്ടു. മുസ്ലിം സംഘടനകളുടെ പ്രകടനം ശരിയായോ എന്ന് പരിശോധന വേണം. സമാധാന ശ്രമമായിരുന്നു ഉണ്ടാകേണ്ടത്. മുസ്ലിം സംഘടന പ്രകടനം ഒഴിവാക്കേണ്ടത് ആയിരുന്നു എന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് മുസ്ലിം പണ്ഡിതന്മാരിൽ നിന്ന് പ്രകടനങ്ങളെ വിമർശിച്ച് ഒരു പ്രതികരണം ഉണ്ടാകുന്നത്.
Published by:user_57
First published:
)}