തൃശൂര്‍ ജില്ലയിലെ ബാങ്കിംഗ് മേഖലയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു ബാങ്കാണ് കരുവന്നൂര്‍ സഹകരണ ബാങ്ക്. 1921ലാണ് ഈ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് 358 കോടിയുടെ ഡെപ്പോസിറ്റ് ഈ ബാങ്കിനുണ്ട്. നാല് ബ്രാഞ്ചുകളും നീതി മെഡിക്കല്‍ സ്റ്റോറും, ഒരു സൂപ്പര്‍ മാര്‍ക്കറ്റും കരുവന്നൂര്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വന്‍ തോതിലുള്ള ക്രമക്കേടുകളുടെ പേരില്‍ ബാങ്കിന്റെ സല്‍പ്പേരിന് കളങ്കം വന്നിരിക്കുകയാണ്.
ഇപ്പോഴിതാ ബാങ്കിന്റെ വെബ്സൈറ്റിലെ മുഖചിത്രവും കൗതുകമുണര്‍ത്തുകയാണ്. കണ്ടം വഴി പോകുന്ന കര്‍ഷകരുടെ ചിത്രമാണ് ബാങ്ക് വെബ്സൈറ്റില്‍ മുഖചിത്രമായി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ 'കണ്ടം വഴി ഓടുന്നതാരാണ്' എന്നാണ് സോഷ്യല്‍ മീഡിയ സംസാരം. സിപിഎം ഭരണസമിതിയെ കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടത്.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബാങ്കിനെ മറയാക്കി നടത്തിയ കള്ളപ്പണ വെളുപ്പിയ്ക്കലാണ് ഇ.ഡി അന്വേഷിയ്ക്കുന്നത്. അന്വേഷണം ആരംഭിയ്ക്കുന്നതിന് മുന്നോടിയായി പോലീസില്‍ നിന്നും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി തേടി. വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കം കൃത്യമായ കണക്കുകളില്ലാതെ വന്‍ തോതില്‍ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡി.അന്വേഷണമാരംഭിച്ചത്.
Also read:
തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷംകരുവന്നൂര് സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. വിഷയത്തിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ജില്ലാഘടകത്തിനു കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. ബാങ്ക് ക്രമക്കേട് സംസ്ഥാന നേതൃത്വം നേരത്തേ അറിഞ്ഞിരുന്നു എന്നും ഇതോടെ വ്യക്തമാകുകയാണ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ ബാങ്കുകളിലും പരിശോധനയ്ക്കും തിരുത്തലിനും സിപിഎം നടപടി തുടങ്ങി.
സഹകരണ പ്രസ്ഥാനങ്ങളും കേരളത്തിലെ സിപിഎമ്മുമായുള്ളത് ഇഴപിരിക്കാനാകാത്ത ബന്ധമാണ്. പാര്‍ട്ടിയുടെ പ്രധാന വരുമാന സ്രോതസ്സ് കൂടിയാണ് സഹകരണ പ്രസ്ഥാനങ്ങള്‍. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സിപിഎമ്മിന് വലിയ ആഘാതവുമാണ്. പ്രത്യേകിച്ചും ബിജെപി നേതൃത്വം സഹകരണരംഗത്ത് പിടിമുറുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍. അതുകൊണ്ടുതന്നെ കരുവന്നുര്‍ സഹകരണ ബാങ്ക് ക്രമക്കേട് ഗുരുതരമായ വിഷയമായി സിപിഎം നേതൃത്വം കാണുന്നു. കരുവന്നൂരിലെ തട്ടിപ്പിന്റെ ആഴവും ഗൗരവവും സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയത്.
കരുവന്നൂരില്‍ ക്രമക്കേട് സംബന്ധിച്ച പരാതി ആദ്യം ലഭിച്ചത് തൃശൂരില്‍ നിന്നുള്ള നേതാവായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയില്‍ അന്വേഷണം തീരുമാനിക്കുകയും വിവരം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സമിതി അംഗമായ പി.കെ.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തൃശൂര്‍ ജില്ലയില്‍ നിന്നു തന്നെയുള്ള എ.സി.മൊയ്തീന് ഇക്കാലയളവില്‍ സഹകരണ മന്ത്രിയുമായിരുന്നു. അതിനാല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം അദ്ദേഹത്തിനും ഉണ്ടായിരുന്നു. എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയോ ജാഗ്രത കാട്ടുകയും ചെയ്തില്ലെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.