നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • CPM | താഴേത്തട്ടിലെ തമ്മിലടിക്കും ഗ്രൂപ്പുകളിക്കുമിടെ സി.പി.എം. ജില്ലാ സമ്മേളനങ്ങൾക്കു തുടക്കം

    CPM | താഴേത്തട്ടിലെ തമ്മിലടിക്കും ഗ്രൂപ്പുകളിക്കുമിടെ സി.പി.എം. ജില്ലാ സമ്മേളനങ്ങൾക്കു തുടക്കം

    വിഭാഗീയത അനുവദിക്കില്ലെന്ന് കോടിയേരിയുടെ മുന്നറിയിപ്പ്

    CPM ജില്ലാ സമ്മേളനം

    CPM ജില്ലാ സമ്മേളനം

    • Share this:
    തിരുവനന്തപുരം: താഴേത്തട്ടിലെ വിഭാഗീയതയും തമ്മിലടിയും നേതൃത്വത്തിന് തലവേദനയായിരിക്കെ സി.പി.എം. ജില്ലാ സമ്മേളനങ്ങൾക്ക് (CPM district conferences)  തുടക്കമായി. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിലാണ് (Kannur) ആദ്യ ജില്ലാ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന്റേയും സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തിയ കോടിയേരി ബാലകൃഷ്ണന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാകും ജില്ലാ സമ്മേളനങ്ങൾ. കുറഞ്ഞത് 10 ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയും പകുതിയിലേറെ സ്ഥലങ്ങളിൽ കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.

    നേതൃതലത്തിൽ എല്ലാം ഭദ്രമാണ്. ഏകശിലാരൂപം കണക്കേയാണ് സംസ്ഥാന പാർട്ടി. ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. എന്നാൽ താഴേത്തട്ടിൽ കാര്യങ്ങൾ അത്ര പന്തിയല്ല. പല ജില്ലകളിലും തമ്മിലടി ശക്തമാണ്. വിഎസ്-പിണറായി പോര് ഒരു പരിധിവരെ ആശയങ്ങളുടെ പേരിലായിരുന്നു. എന്നാൽ ഇപ്പോൾ സമ്മേളനങ്ങളിൽ കാണുന്നത് അധികാരസ്ഥാനങ്ങൾക്കു വേണ്ടിയുള്ള  വെട്ടിനിരത്തലും പിടിച്ചടക്കലും.

    കണ്ണൂരിൽ തളിപ്പറമ്പ് ഏര്യാ കമ്മിറ്റി അംഗം കോമത്ത് മുരളീധരന്റെ പാർട്ടി വിടൽ സിപിഐയുമായുള്ള ഏറ്റുമുട്ടലിനും വഴിവച്ചു. വയനാട്ടിലെ വൈത്തിരി, കല്പറ്റ, സുൽത്താൻ ബത്തേരി, പുല്പള്ളി ഏര്യാ സമ്മേളനങ്ങൾ വിഭാഗീയതയുടെ കൂത്തരങ്ങായി മാറി. പാലക്കാട് ഗുരുതരമാണ് സാഹചര്യങ്ങൾ. കുഴൽമന്ദത്തേയും ചെറുപ്പ്ളശ്ശേരിയിലേയും മത്സരവും വെട്ടിനിരത്തലും നേതൃത്വത്തെ ‍ഞെട്ടിച്ചു. കോങ്ങാട് എം.എൽ.എ. ശാന്തകുമാരി ഏര്യാ കമ്മിറ്റിക്കു പുറത്തു പോകേണ്ടി വന്നു.



    തൃത്താലയിൽ ഏര്യാ സെക്രട്ടറിയെ തെരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെയായിരുന്നു. പൊന്നാനിയിലും പേരാമ്പ്രയിലും കക്കോടിയിലും കോഴിക്കോട് സൗത്തിലും മത്സരമുണ്ടായി. ആലപ്പുഴയിലെ തർക്കങ്ങൾ വീടുകയറിയുള്ള ആക്രമണങ്ങളിൽ വരെയെത്തി. തിരുവനന്തപുരത്ത് വിളപ്പിലിൽ ബ്രാഞ്ച് സെക്രട്ടറിമാർ തെരുവിൽ തമ്മിലടിച്ചു. വർക്കലയിൽ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനും നേതാക്കളുടെ സസ്പെൻഷനുമാണ് ഏര്യാ സമ്മേളനം വഴിവച്ചത്. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പൊതുവിൽ പറയുമ്പോഴും ചിലയിടങ്ങളിലെങ്കിലും പ്രധാന നേതാക്കളുടെ മൗനാനുവാദം വിഭാഗീയ നീക്കങ്ങൾക്കു പിന്നിലുണ്ടെന്ന വിലിയരുത്തൽ പാർട്ടിക്കുണ്ട്.

    വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്പൂർണമായി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ, മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത്  പൊതുവിൽ ഉണ്ടായിട്ടില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  പാർട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാർട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ്‌ നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ല. അതായത്, കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിംലീഗിനെയും പോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സി.പി.എം. എന്നാൽ വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർടി അംഗീകരിക്കുകയില്ലെന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി പ്രവർത്തകർക്കു മുന്നറിയിപ്പു നൽകി.

    ജില്ലാ സമ്മേളനങ്ങളിൽ അപസ്വരങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കനത്ത ജാഗ്രതയിലാണ് നേതൃത്വം. വലിയൊരു നേതൃനിര എല്ലാ സമ്മേളനങ്ങളിലും ആദ്യവസാനം പങ്കെടുക്കും. ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ഏര്യാ സെക്രട്ടറി വരെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയ സി.പി.എം. ജില്ലാ നേതൃത്വത്തിലും കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകും. പ്രായ പരിധിയുടെ പേരിൽ ജില്ലാതലത്തിലും പ്രധാനികൾ ഒഴിവാക്കപ്പെടും.
    Published by:user_57
    First published: