കൊച്ചി: കോവിഡ് പോസിറ്റീവായ വിവരം മനപ്പൂര്‍വ്വം മറച്ചുവെച്ച് മറ്റുവിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കെതിരെ പരാതി. മലപ്പുറം സ്വദേശിയായ കുസാറ്റ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് കോവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് പരീക്ഷയെഴുതിയത്. കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിക്കെതിരെ കളമശേരി പോലീസിൽ പരാതി നല്‍കി.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ താമസിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചാലും വിദ്യാര്‍ത്ഥിക്ക് പിപിഇ കിറ്റ് ധരിച്ച് ഒറ്റയ്ക്ക് ഇരുന്ന് പരീക്ഷ എഴുതാനും അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ത്ഥി ആര്‍ടിപിസിആറിന് പകരം ആദ്യം ആന്റിജന്‍ ടെസ്റ്റ് എടുക്കുകയും ഇതില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ റിസല്‍ട്ട് ആര്‍ടിപിസിആര്‍ എന്ന് തിരുത്തി ഹോസ്റ്റല്‍ അധികൃതര്‍ക്ക് നല്‍കുകയായിരുന്നു.
സംശയം തോന്നിയതിനേത്തുടർന്ന് പിന്നീട് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞു. ഈ റിസല്‍ട്ട് മറച്ചുവെച്ച വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രണ്ട് ദിവസം ഹോസ്റ്റലില്‍ തങ്ങുകയും ബിടെക് പരീക്ഷയില്‍ എല്ലാവരുമൊന്നിച്ച് പങ്കെടുക്കുകയുമായിരുന്നു.
പരീക്ഷയ്ക്ക് ശേഷം കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് മറച്ചുവെച്ചതായി കോളേജ് അധികൃതരെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളും എക്‌സാം ഡ്യൂട്ടിക്കുണ്ടായിരുന്നവരും ഹോസ്റ്റലിൽ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളും നിരീക്ഷണത്തില്‍ പോയി. മനപ്പൂര്‍വ്വം കോവിഡ് പോസിറ്റീവാണെന്ന വിവരം മറച്ചുവെച്ച് മറ്റുള്ളവരുമായി ഇടപെഴകിയതില്‍ വിദ്യാര്‍ത്ഥിക്കെതിരെ കുസാറ്റ് അധികൃതര്‍ പരാതി നല്‍കി. പരിശോധനകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
അതിനിടെ എറണാകുളം ജില്ലയില്‍ കൂടുതല്‍ കോവിഡ് രോഗസ്ഥിരീകരണ നിരക്കുളള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ഊര്‍ജ്ജിത രോഗപ്രതിരോധ നടപടികള്‍ക്ക് രൂപം നല്‍കി. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചുചേര്‍ത്ത് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി.
Also Read- Covid 19 | മലപ്പുറത്ത് 3600ൽ ഏറെ രോഗികൾ; രണ്ടായിരം കടന്ന് നാല് ജില്ലകൾ
എല്ലാ തദ്ദേശസ്ഥാപന പരിധികളിലും ഡൊമിസിലറി കെയര്‍ സെന്റെറുകള്‍ പുനരാരംഭിക്കും. പഞ്ചായത്ത് തലത്തില്‍ രൂപം നല്‍കിയ ഐ.ആര്‍.എസ് സംവിധാനം എല്ലാ ദിവസവും യോഗം ചേര്‍ന്ന് രോഗപ്രതിരോധ നടപടികള്‍ വിലയിരുത്തണം. വാര്‍ഡുതല ജാഗ്രതാ സമിതികളുടേത് ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍ദ്ദേശിച്ചു.
താഴേത്തട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തി മൈക്രോ കണ്ടന്‍മെന്റ് സോണുകള്‍, ക്ലസ്റ്ററുകള്‍ എന്നിവ പ്രഖ്യാപിക്കണം. സി, ഡി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കി കൂടുതല്‍ പരിശോധനകള്‍ നടത്തും. വാക്‌സീന്‍ വിതരണത്തിനായി കൂടുതല്‍ ഔട്ട് റീച്ച് സെന്റെറുകള്‍ തയ്യാറാക്കും. യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജന പ്രതിനിധികൾ, സെക്ടട്ടറിമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ , അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, Covid 19 in Kerala, Covid 19 today, Cusat, Kerala police