തിരുവനന്തപുരം: ശബരിമലയിൽ തൽക്കാലം ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനമായി. ദേവസ്വംബോർഡുമായും തന്ത്രിയുമായും വകുപ്പുമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശബരിമലയിലെ നിയന്ത്രണം എത്ര കാലത്തേക്കായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ശബരിമല ഉൽസവം മാറ്റിവക്കാനും തീരുമാനിച്ചു. ജൂൺ 14ന് മാസപൂജയ്ക്കായി ക്ഷേത്രം തുറക്കുമ്പോൾ ആചാരപരമായ ചടങ്ങുകൾ മാത്രമായിരിക്കും നടത്തുകയെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ക്ഷേത്രം തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷവും ബി ജെ പിയുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മത നേതാക്കളുമായി ചർച്ച നടത്തിയത്. ആരാധനാലയങ്ങൾ തുറക്കണമെന്ന നിലപാടിലായിരുന്നു മത നേതാക്കളെന്ന് മന്ത്രി പറഞ്ഞു. തന്ത്രി കുടുംബവുമായി ആലോചിച്ചാണ് ദേവസ്വം ബോർഡ് തീരുമാനങ്ങൾ എടുത്തത്. തന്ത്രിയുടെ ആശങ്ക ശരിയാണെന്നാണ് സർക്കാർ നിലപാട്. രോഗ വ്യാപന സാധ്യത വലുതാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് കൂടിയാലോചന നടത്തിയെന്ന് തന്ത്രി മഹേഷ് മോഹനര് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.