കോട്ടയം (Kottayam) ജില്ലയിലെ സിൽവർ ലൈൻ (silverline) സമരങ്ങൾക്ക് ശക്തി പകരാനാണ് യുഡിഎഫ് (UDF) ജില്ലാ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചത്. കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan) ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യുഡിഎഫ് നേതാക്കൾ എല്ലാം യോഗത്തിൽ പങ്കെടുക്കാൻ എത്തി. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉൾപെടെ ഉള്ള നേതാക്കളും തൊടുപുഴയിൽ നിന്ന് എത്തി. അതിനിടെ ആണ് ജില്ലയിലെ യുഡിഎഫിലെ കടുത്ത ഭിന്നത വെളിവാക്കിക്കൊണ്ട് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നാട്ടകം സുരേഷ് (Nattakom Suresh) തന്നെ യോഗത്തിൽ നിന്ന് വിട്ടു നിന്നത്. ജില്ലയിലെ യുഡിഎഫ് പരിപാടികളിൽ വേണ്ട പരിഗണന നൽകുന്നില്ല എന്ന് ആരോപിച്ചാണ് നാട്ടകം സുരേഷ് വിട്ടുനിന്നത് എന്നാണ് സൂചന. അതേസമയം വിട്ടുനിന്ന നടപടിയെ കുറിച്ച് പ്രതികരിക്കാൻ നാട്ടകം സുരേഷ് തയാറായിട്ടില്ല.
വൈകുന്നേരം അഞ്ച് മണിയോടെ ആണ് കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് സംഗമം തുടങ്ങിയത്. യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞ മാണി സി കാപ്പൻ ഉൾപ്പെടെ ഉള്ള നേതാക്കളും യോഗത്തിൽ പങ്കെടുക്കാൻ എത്തി. അതിനിടെ ആണ് കോൺഗ്രസ് നേതാക്കൾക്കിടയിലെ ഭിന്നത പുറത്ത് വന്നത്. നാട്ടകം സുരേഷ് വിട്ടുനിന്നതിനെ കുറിച്ച് അറിയില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. പരിപാടി നടക്കുമ്പോൾ നാട്ടകം സുരേഷ് ഡിസിസി ഓഫീസിൽ ഉണ്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്ന മറുപടി സതീശൻ ആവർത്തിച്ചു. വിഷയത്തിൽ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ സതീശൻ തയാറായില്ല.
അതേസമയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് സിൽവർ ലൈൻ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ തള്ളികളഞ്ഞു. നാട്ടകം സുരേഷ് യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. എന്ത്കൊണ്ടാണ് സുരേഷ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് അറിയില്ല എന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. യോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട വർത്താ സമ്മേളനവും നാട്ടകം സുരേഷിനെ അറിയിച്ചിരുന്നു. പിന്നെയും പങ്കെടുക്കാതിരുന്നത് എന്താണ് എന്ന് അറിയില്ല എന്നും സജി മഞ്ഞക്കടമ്പിൽ കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിൽ ഉണ്ടായ ഭിന്നത ആയുധമാക്കാൻ ഇടത് മുന്നണി തയാറായിക്കഴിഞ്ഞു. വിഷയത്തിൽ ഇത് വരെ പ്രതികരിക്കാൻ നാട്ടകം സുരേഷ് തയാറായിട്ടില്ല. നാട്ടകം സുരേഷ് വിട്ടുനിന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ആണോ എന്നും വ്യക്തമല്ല. ഏതായാലും ജില്ലയിലെ കോൺഗ്രസിൽ ഉണ്ടായ ഭിന്നത പരിഹരിക്കാൻ ഉള്ള നീക്കം സംസ്ഥാന നേതാക്കൾ ഇടപെട്ടു നടത്തുമോ എന്നാണ് ഇനി അറിയാൻ ഉള്ളത്. പ്രതിസന്ധിയിൽ നിൽക്കുന്ന യുഡിഎഫിൽ ചേരിപ്പോരുകൾക്കും കുറവില്ല എന്നുകൂടി വ്യക്തമാക്കുന്നതായിരുന്നു സിൽവർ ലൈൻ പ്രതിഷേധസംഗമം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.