നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃക്കാക്കരയില്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ സംഭവം : ഡി സി സി പ്രസിഡന്റ് അന്വേഷിക്കും

  തൃക്കാക്കരയില്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ സംഭവം : ഡി സി സി പ്രസിഡന്റ് അന്വേഷിക്കും

  ഡിസിസി പ്രസിഡന്റ് ടി ജെ വിനോദിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

  • Share this:
  കൊച്ചി:തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10000 രൂപ വീതം നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് കോണ്‍ഗ്രസ് അന്വേഷണം പ്രഖ്യാപിച്ചു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്നും നല്‍കിയിട്ടില്ല എന്നും വ്യത്യസ്ത വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. അന്വേഷണത്തിലൂടെ സത്യം പുറത്തു വരുമെന്നും വിഡി സതീശന്‍ പറഞ്ഞു. നിയമവിരുദ്ധമായി പണം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

  പ്രതിപക്ഷ ആരോപണം ഗൂഡാലോചനയെന്ന ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലറുടെ വെളിപ്പെടുത്തല്‍. പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറായ വി.ഡി.സുരേഷാണ് പണം വിതരണം ചെയ്തതായി സ്ഥിരീകരിച്ചത്. ഓണസമ്മാനമുണ്ടെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞ കാര്യം മറ്റൊരു കൗണ്‍സിലറാണ് അറിയിച്ചത്. എന്നാല്‍ താന്‍ സ്വകരിച്ചില്ല. ആദ്യം പണം കൈപ്പറ്റിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരടക്കം ചെയര്‍പേഴ്സണ്‍ന്റെ ഓഫീസിലെത്തി പണം മടക്കി നല്‍കിയതിന് താന്‍ സാക്ഷിയാണ്. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതായും വി.ഡി.സുരേഷ് വ്യക്തമാക്കിയിരുന്നു.

  ചൊവ്വാഴ്ച വൈകിട്ടാണ് ഓണക്കോടിയോടൊപ്പം 10000 രൂപ കവറിലിട്ട് നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്സണ്‍ നല്‍കിയത്. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ 18 കൗണ്‍സിലര്‍മാര്‍ പണം തിരിച്ച് നല്‍കിയശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഓരോ കൗണ്‍സിലര്‍മാരെയും ചെയര്‍പേഴ്സണ്‍ന്റെ കാബിനിലേക്ക് വിളിച്ച് വരുത്തിയശേഷം രഹസ്യമായാണ് പണം നല്‍കിയത്.

  43 അംഗ നഗരസഭാ കൗണ്‍സില്‍ നാല് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ചെയര്‍പേഴ്സണായ അജിത തങ്കപ്പന്‍ ഭരിണം നടത്തുന്നത്. 43 പേര്‍ക്ക് 10,000 രൂപ വീതം നല്‍കാന്‍ ചുരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണം. കൗണ്‍സിലര്‍മാര്‍ക്ക് സമ്മാനം നല്‍കാന്‍ നഗരസഭയ്ക്ക് പ്രത്യേക ഫണ്ടില്ലെന്നിരിയ്‌ക്കേ എവിടെ നിന്നും പണം ലഭിച്ചു എന്നതാണ് സംശയമുയര്‍ന്നിരിയ്ക്കുന്നത്.

  സംഭവം പ്രതിപക്ഷ ഗൂഡാലോചനയെന്നാണ് ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്റെ വിശദീകരണം. അടിസ്ഥാരഹിതമായ ആരോപണമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിയ്ക്കുന്നത്. കവര്‍ മാത്രമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത്. ആരോപണം തെളിയ്ക്കാന്‍ വെല്ലുവിളിയ്ക്കുകയാണ്. പ്രതിപക്ഷത്തോടൊപ്പം കോണ്‍ഗ്രസിലെ ചില കൗണ്‍സിലര്‍മാര്‍ കൂടി ഗൂഡാലോചനയ്ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും അജിത തങ്കപ്പന്‍ പറഞ്ഞു.
  അതിനിടെ തൃക്കാക്കര നഗരസഭയുടെ ഓണപ്പുടവ വിതരണത്തില്‍ ആശാപ്രവര്‍ത്തകയെ അപമാനിച്ചു എന്നാരോപിച്ച് ആശാ പ്രവര്‍ത്തകര്‍ ചെയര്‍പേഴ്സണു മുമ്പിലെത്തി തങ്ങള്‍ക്ക് ലഭിച്ച ഓണപ്പുടവ തിരിച്ചുനല്‍കി പ്രതിഷേധിച്ചിരുന്നു. ചിങ്ങം ഒന്നിന് നഗരസഭയില്‍ നടന്ന ചടങ്ങില്‍ ആശാപ്രവര്‍ത്തകയായ കെ.എസ്.ശ്രീജയെ ഓണപ്പുടവ നല്‍കാതെ മാറ്റി നിര്‍ത്തിയെന്നായിരുന്നു ആരോപണം.നേരത്തെ തെരുവു നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കൊന്ന് കുഴിച്ചുമൂടിയ സംഭവവും വന്‍ വിവാദം ആയിരുന്നു. സംഭവത്തില്‍ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവരുടെ പങ്കുചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു
  Published by:Jayashankar AV
  First published: