കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഹൈക്കോടതിയിൽ ഹാജരായി. ഡീൻ കുര്യാക്കോസിനൊപ്പം യു.ഡി.എഫ് കാസർകോട് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, കണ്‍വീനര്‍ എ.ഗോവിന്ദന്‍നായര്‍ എന്നിവരും കോടതിയിൽ ഹാജരായി.
യൂത്ത് കോൺഗ്രസ് ഹർത്താലിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായും 577 പേർക്കെതിരെ കേസെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം ആറിലേക്ക് മാറ്റി
അതേസമയം, മിന്നൽ ഹർത്താലുകൾക്ക് എതിരായ കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് ഡീൻ കുര്യാക്കോസിന് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് ഡീനിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഡീൻ കുര്യാക്കോസും ഒരു അഭിഭാഷകനല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമ ബിരുദധാരിയാണെങ്കിലും രാഷ്ട്രീയം പ്രവർത്തനമേഖലയായതു കൊണ്ട് പ്രാക്ടീസ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന മറുപടിയാണ് ഇതിന് മറുപടിയായി ഡീനിന്‍റെ അഭിഭാഷകൻ നൽകിയത്.
കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല; ശ്രമം ഉപേക്ഷിച്ച് മുഖ്യമന്ത്രിതുടർന്ന്, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മൂന്നുപേർക്കും നിർദ്ദേശം നൽകി. അഞ്ചാം തിയതിക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും. അന്ന് കേസ് പരിഗണിക്കുമ്പോൾ മൂന്നുപേരും വീണ്ടും ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
കാസര്‍കോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ആയിരുന്നു ഹൈക്കോടതി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും നിർദേശം നല്‍കിയത്.
മിന്നൽ ഹർത്താലുകൾ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ഉന്നയിച്ച കോടതി, നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു. അതേസമയം നിയമപരമായി തന്നെ നേരിടുമെന്നാണ് ഡീൻ കുര്യാക്കോസ് വിഷയത്തിൽ പ്രതികരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.