കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ച ഡി വി ആർ കണ്ടെത്താനായില്ല. ഹോട്ടലിൽ നടന്നതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ലഹരിയുടെ ഉപയോഗം സംബന്ധിച്ച തെളിവുകൾ അടങ്ങിയ ദൃശ്യങ്ങൾ ഇതിൽ ഉണ്ട് എന്നാണ് നിഗമനം. ഇതിനായി കായലിൽ നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു.
അഗ്നിശമന സേനയിലെ നാലംഗ സ്കൂബ ഡൈവേഴ്സാണ് തിരച്ചിലിൽ നടത്തിയത്. കായലിലെ ഒഴുക്കും അഞ്ചടിയോളം കനത്തിലുള്ള ചെളിയും പ്രതിസന്ധിയായി. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച തിരച്ചിൽ വൈകിട്ട് അഞ്ചര വരെ നീണ്ടുനിന്നു. നാലുപേരടങ്ങുന്ന സംഘം രണ്ടായി തിരിഞ്ഞായിരുന്നു തിരച്ചിൽ നടത്തിയത്. ഡി വി ആർ എറിഞ്ഞതായി പറയുന്ന സ്ഥലം ആദ്യം അടയാളപ്പെടുത്തുകയും പിന്നീട് ഇവിടെ മുങ്ങി പരിശോധന നടത്തുകയും ആണ് ചെയ്തത്.
എന്നാൽ കായലിൻ്റെ അടിത്തട്ടിലേക്ക് പോകുന്തോറും ചെളിയും ഒഴുക്കും ശക്തമായി. എങ്കിലും പോലീസ് നിർദ്ദേശിച്ച സ്ഥലം മുഴുവനായും പരിശോധിച്ചു. യാതൊരു ഫലവും കാണാത്തതിനെ തുടർന്നാണ് തിരച്ചിൽ നിർത്തി വെച്ചത്. വരും ദിവസങ്ങളിൽ പരിശോധന ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ ഇനിയുള്ള അന്വേഷണ സംഘത്തിൻറെ മുന്നോട്ടുപോക്ക്.
ഡി വി ആർ കായലിൽ ഉപേക്ഷിച്ചു എന്ന മൊഴി നൽകിയ പ്രതികളായ മെൽവിൻ , വിഷ്ണുരാജ് എന്നിവരും പോലീസിന് ഒപ്പമുണ്ടായിരുന്നു. ജാമ്യ നടപടിയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ ഒപ്പുവയ്ക്കാൻ എത്തിയപ്പോഴാണ് പോലീസ് ഇവരുമായി പാലത്തിലേക്ക് തിരിച്ചത്. കായലിനെ മധ്യഭാഗത്ത് ഡിവിആർ ഉപേക്ഷിച്ചു എന്നാണ് മൊഴി. കേസിൽ ഇത് കണ്ടെടുക്കുക എന്നത് നിർണായകമാണ്.
കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേ സമയം കേസെറ്റെടുത്ത ക്രൈം ബ്രാഞ്ച് പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടങ്ങി. നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നിശാ പാർട്ടികൾ നടന്ന രണ്ട് ഹാളിലെയും ഇവിടേക്കുള്ള പ്രവേശന കവാടത്തിലും ദൃശ്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. മോഡലുകൾക്ക് ലഹരി നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇവിടങ്ങളിലെ ദൃശ്യങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഹോട്ടലിൽ വെച്ച് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു.
അതേസമയം കേസിൽ സൈജു എന്ന യുവാവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ ദുരൂഹത തുടരുകയാണ്. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ഒരു തവണ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സൈജു എത്തിയില്ല. സൈജുവിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ആണ്. സൈജുവിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് പറഞ്ഞെങ്കിലും അതും അതിനുമുന്നേ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നമ്പർ 18 ഹോട്ടലുടമ റോയിയും ജീവനക്കാരും കേസിൽ പ്രതികൾ ആകുമ്പോഴും സംഭവത്തിൽ അതിനേക്കാൾ കൂടുതൽ ഉൾപ്പെട്ടിട്ടുള്ള സൈജു പ്രതിയല്ല എന്നതാണ് ശ്രദ്ധേയം. റോയി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ ഇക്കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ ഈ പഴുതു തന്നെയായിരുന്നു പ്രതികൾക്കെല്ലാം ജാമ്യം കിട്ടുന്നതിൻ്റെ പ്രധാന കാരണവും.
മോഡലുകൾ കൊല്ലപ്പെട്ടതിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുമ്പോഴും ഇതിലേക്ക് നയിച്ച കാരണങ്ങൾ തുടങ്ങുന്നത് ഹോട്ടലിൽ നിന്നാണെന്ന് അടിവരയിടുന്നുണ്ട്. എന്നാൽ അവിടെയും പിന്നീട് കാറിന് പിറകിലും ഒരുപോലെ സഞ്ചരിച്ച ഒരാളെ എന്തുകൊണ്ട് പോലീസ് ഒഴിവാക്കുന്നു എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. മോഡലുകൾക്ക് ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്തു തൻ്റെ വീട്ടിലേക്ക് സൈജു ക്ഷണിച്ചതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റഹ്മാൻ തന്നെ മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും ഇയാളെ ഒഴിവാക്കുന്നത് ഹോട്ടലുടമ റോയിക്കെതിരെ മൊഴിനൽകി നൽകി മാപ്പുസാക്ഷി ആക്കാൻ വേണ്ടിയാണെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.