ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നിലെ അനധികൃത പടക്ക നിർമ്മാണശാലയിലെ അപകടമരണം നാലായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്ന പുളിങ്കുന്ന് സ്വദേശി വിജയമ്മ സുരേന്ദ്രൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപം പടക്ക നിർമാണശാല പൊട്ടിത്തെറിച്ചത്. ഉടമ കൊച്ചുമോൻ ആൻറണി പുരയ്ക്കൽ ഒളിവിലാണ്.
വിജയമ്മയെ കൂടാതെ ബിനു, റെജി, കുഞ്ഞുമോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. അനധികൃത പടക്ക നിർമാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിൻറെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.
വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.
സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.