ന്യൂഡൽഹി : പീഡനപരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. ബിനോയ് കോടിയേരിക്കെതിരെ ഇന്നും ബിഹാര്‍ സ്വദേശിയായ യുവതി കോടതിയിൽ തെളിവുകൾ ഹാജരാക്കി. യുവതിയുടെ വാദങ്ങൾക്ക് മറുപടി പറയാൻ ബിനോയിയുടെ അഭിഭാഷകന് കോടതി സാവകാശം നൽകി. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയിൽ വിധി പറയും വരെ ബിനോയുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ് ജൂൺ 20നാണ് ബിനോയ് മുംബൈ ദിൻഡോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് അഞ്ചുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീൽ നോട്ടീസും വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസിൽ നൽകിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം.
യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇമെയിലിൽ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും യുവതിക്ക് നിയമസഹായം നൽകാൻ ഒപ്പമുണ്ടായിരുന്നു. വാദങ്ങൾ കോടതിക്ക് യുവതിയുടെ അഭിഭാഷകൻ എഴുതി നൽകി.
ബിനോയ്ക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളത് മുൻകൂർ ജാമ്യഹർജിയിൽ മറച്ചുവച്ചു, കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയാണ് ബിനോയ്‍യുടെ അച്ഛൻ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പില്ല എന്നു തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കം അഭിഭാഷകൻ നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവിഭാഗത്തിന്‍റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക.
കഴിഞ്ഞ വ്യാഴാഴ്ച ഹർജി പരിഗണിച്ച മുംബൈ ദിൻഡോഷി സെഷൻസ് കോടതി ജൂലൈ ഒന്നുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.