തിരുവനന്തപുരം: വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനം. 10ാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം വില്ലേജ് ഓഫീസർമാർക്ക് മാത്രം പ്രത്യേക ശമ്പള സ്കെയിൽ അനുവദിക്കുന്നത് ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് കണ്ടെത്തൽ.
ശമ്പളസ്കെയിൽ പുനർ നിശ്ചയിച്ചുകൊണ്ട് ധന വകുപ്പ് ഉത്തരവിറക്കി. ജൂലൈ ഒന്നു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. പത്താം ശമ്പളക്കമ്മീഷൻ തീരുമാനപ്രകാരം സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചപ്പോഴായിരുന്നു വില്ലേജ് ഓഫീസർമാർക്ക് പുതിയ സ്കെയിൽ നിലവിൽ വന്നത്. 29200 -62400 എന്നതായിരുന്നു പുതിയ ശമ്പള സ്കെയിൽ.
റവന്യൂ വകുപ്പിലെ ഹെഡ് ക്ലാർക്കുമാരാണ് പലപ്പോഴും വില്ലേജ് ഓഫീസർമാർ ആയി നിയമിതരാവാറുള്ളത്. ഇവർ പലപ്പോഴും പഴയ പോസ്റ്റുകളിലേക്ക് തിരികെ പോവാറുമുണ്ട്. ഹെഡ് ക്ലാർക്ക് തസ്തികയേക്കാൾ ഉയർന്ന ശമ്പളമാണ് വില്ലേജ് ഓഫീസർക്ക് നൽകുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അംഗീകരിച്ച തീരുമാനമാണ് ഇപ്പോൾ ഇടതു സർക്കാർ റദ്ദാക്കിയതെന്നാണ് ആരോപണം. മറ്റ് തസ്തികകളെക്കാൾ ഉയർന്ന ഉത്തരവാദിത്വവും ബാധ്യതയുമുള്ള ജോലിയാണ് വില്ലേജ് ഓഫീസർമാരുടേത്. അതിനാലാണ് ഈ പോസ്റ്റിന് ഉയർ ശമ്പളവും ഗസറ്റഡ് റാങ്കും നൽകിയത്. 170 ഹെഡ് ക്ലാർക്കുമാരുടെ സമ്മർദത്തിന് വഴങ്ങി 1670 വില്ലേജ് ഓഫീസർമാരെ സർക്കാർ ദ്രോഹിക്കുകയാണ് എന്നാണ് പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ധനവകുപ്പിനെ ഉത്തരവിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.