കൊച്ചി: വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപ് (Dileep) അടക്കമുള്ളവരുടെ മൊബൈൽ പരിശോധന സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. ഫോണുകളുടെ പാറ്റേൺ പരിശോധനയെച്ചൊല്ലി ആലുവ കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങളുണ്ടായി. പ്രതികളുടെ സാന്നിധ്യത്തിൽ തുറന്ന് പാറ്റേൺ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ ഫോൺ തുറക്കുന്നത് കൃത്രിമത്തിന് ഇടയാക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിന് മുൻപ് ഫോൺ തുറക്കാനുള്ള പാറ്റേൺ കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ അടിയന്തിരമായി പാറ്റേണെത്തിക്കാൻ കോടതി പറയുകയായിരുന്നു . തുടർന്ന് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ പാറ്റേൺ കോടതിയിൽ വച്ച് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇതിനെ പ്രതിഭാഗം എതിർത്തു. സീൽ ചെയ്ത് പോകുന്ന ഫോണുകളുടെ പാറ്റേൺ തെറ്റാണെങ്കിൽ ഫലം വൈകുമെന്നും പരിശോധനാ ഫലം വൈകിപ്പിക്കുന്നതിലൂടെ കേസ് നീട്ടാനാകാം പ്രതിഭാഗം ശ്രമിക്കുന്നത് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ സാന്നിധ്യത്തിൽ തുറക്കണമെന്നും ഫോണും പാറ്റേണും അന്വേഷണ ഉദ്യാഗസ്ഥർക്ക് കാണേണ്ടതില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഫോണുകൾ ഹൈക്കോടതിയിൽ വച്ച് DGP യുടെ സാന്നിധ്യത്തിൽ സീൽ ചെയ്തതാണെന്നും സൈബർ വിദഗ്‌ധർ പോലുമില്ലാതെയാണ് ഫോൺ ഉൾകൊള്ളുന്ന കവർ തുറക്കാൻ പോകുന്നതെന്നും അന്വേഷണ സംഘം കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.
തുറന്ന കോടതിയിൽ എതാനും സെക്കൻ്റുകൾ മാത്രം ഫോൺ തുറന്നാൽ എന്താണ് സംഭവിക്കുകയെന്ന് കോടതി തിരിച്ചു ചോദിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം രാവിലെ അപേക്ഷ നൽകിയിരുന്നു. കേസ് വ്യാഴാഴ്ച രാവിലെ വീണ്ടും പരിഗണിക്കും. മുഴുവൻ പ്രതികളുടെയും അഭിഭാഷകരോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. ദിലീപിൻറെ അഭിഭാഷകൻ മാത്രമാണ് ആണ് കേസ് പരിഗണിച്ചപ്പോൾ ഹാജരായിരുന്നത്.
അതേ സമയം വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിൻ്റെ ശബ്ദം പരിശോധിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നിയമപരമായി ഇതിനുള്ള അനുമതി ലഭിച്ചാൽ ഉടൻ നടപടികൾ തുടങ്ങും. ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന നടത്തും. ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും പരിശോധന. ശാസ്ത്രീയ പരിശോധന നടത്തി ഗൂഢാലോചന കേസിൽ ദിലീപിനെതിരെ തെളിവുകൾ മുറുക്കുകയാണ് ലക്ഷ്യം. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദമാണ് പരിശോധിക്കുക.
ആദ്യ ഘട്ടത്തിൽ ദിലീപിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ശബ്ദം കേൾപ്പിച്ചിരുന്നു. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ദിലീപിന്റെ ചോദ്യം ചെയ്യലിനിടെ ആയിരുന്നു ഇത്. സംവിധായകരായ റാഫി, വ്യാസൻ എടവനക്കാട് എന്നിവരെ വിളിച്ചു വരുത്തുകയും അവർ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്കു കൂടി തീരുമാനിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Dileep Case