തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതികളുടെ ബിരുദ കോഴ്സുകളുടെ മാർക്കുകൾ സർവകലാശാല പരിശോധിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്ന് പൊലീസ് ചോദിച്ച രേഖകൾ നൽകിയിട്ടുണ്ട്. 2016ന് മുൻപുള്ള പരീക്ഷയുടെ ഉത്തരക്കടലാസുകൾ സർവകലാശാലയിൽ സൂക്ഷിച്ചിട്ടില്ല. ഇവരുടെ ബിരുദ ക്ലാസുകളിലെ പ്രകടനത്തിന്റെ നിലവാരം സർവകലാശാല പരിശോധിക്കും. ഇന്റേണൽ മാർക്കുകൾ ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.
ബിരുദ പരീക്ഷകളുടെ മാർക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ 2016ന് ശേഷമുള്ള ഉത്തരക്കടലാസുകൾ പരിശോധിക്കും. കൃത്രിമം നടന്നതായി തെളിഞ്ഞാൽ അതിനനുസരിച്ച് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ പിജി രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. കേരള സർവകലാശാലയിൽ പരീക്ഷ എഴുതുന്നതിൽ നിന്ന് സ്ഥിരമായി ഡീബാർ ചെയ്തിട്ടുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു. പരീക്ഷാ പേപ്പറുകളുടെ വിതരണവും ഉപയോഗവും പരിശോധിക്കുന്നതിനായി ഒരു കോടിയിലധികം രൂപ ചെലവിട്ട് പുതിയ സോഫ്റ്റ് വെയർ സജ്ജമാക്കിയതായും അദ്ദേഹം അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.