ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി (provocative slogans) സി പി എം പ്രകടനം (cpm protest march). എച്ച് സലാം എം എൽ എയുടെ (H Salam MLA) നേതൃത്വത്തിലായിരുന്നു പ്രകടനം. 'കൈവെട്ടും, കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും' എന്നായിരുന്നു പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം. എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
എകെജി സെന്ററിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങൾ ഒരിടത്തും അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. പ്രകോപനം പാടില്ലെന്ന് ജില്ലാ കമ്മിറ്റികൾക്കും യുവജന സംഘടനകൾക്കും സിപിഎം നിർദേശം നൽകിയിരുന്നു.
'ഞങ്ങളും എറിഞ്ഞിട്ടുണ്ട്, മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്'; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്
എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതിൽ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ അഡ്വ. ഒ എം ഭരദ്വാജ് രംഗത്ത്. " ഞങ്ങളും എറിഞ്ഞിട്ടുണ്ട്, ഇതുപോലെ മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്, ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം. സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി'' - അദ്ദേഹം പറഞ്ഞു.
'പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമം': മുഖ്യമന്ത്രി പിണറായി വിജയൻ
എ കെ ജി സെന്ററിനു നേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രസ്താവനയുടെ പൂർണരൂപം
സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
മഹാനായ എ കെ ജിയും അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Bomb attack, Cpm